മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ദുരാരോപണ ഹർജി; ഐജി ലക്ഷമണക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ് ഐജിയുടെ നടപടിയെന്ന് കോടതി വിമർശനം.

0
150

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ദുരാരോപണങ്ങൾ അടങ്ങിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച, സസ്‌പെൻഷനിൽ കഴിയുന്ന ഐജി ലക്ഷ്മണിന് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി. ഒരു മാസത്തിനകം പിഴത്തുക ഒടുക്കാനും കോടതി നിർദ്ദേശിച്ചു. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ് ഐജിയുടെ നടപടിയെന്ന് രൂക്ഷമായി വിമർശിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഐ ജിക്ക് പിഴയിട്ടതെന്ന് ‘ലൈവ് ലോ’ റിപ്പോർട്ട് ചെയ്തു. ഹര്‍ജി ഹൈക്കോടതിയിൽ സമര്‍പ്പിച്ചശേഷം തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേർത്തതെന്ന് ആരോപിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ നേരത്തെ ലക്ഷ്മണ്‍ അപേക്ഷ നല്‍കിയിരുന്നു. ഐജി ലക്ഷ്മണയുടെ ഈ നടപടിയെ അതിരൂക്ഷമായി ഹൈക്കോടതി വിമർശിച്ചു.

അഭിഭാഷകനെ പരിചാരി ഹര്‍ജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരൻ, ബാർ കൗണ്‍സിലിൽ പരാതി നൽകിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10,000 രൂപ പിഴയിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുവെന്ന ദുരാരോപണമാണ് ഐ ജി ലക്ഷ്മണ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെ ആരോപണം തന്റെ അറിവോടെ അല്ലെന്നും താന്‍ ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകൻ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ലക്ഷ്മണ പിന്നീട് പറഞ്ഞത്. തന്റെ അഭിഭാഷകനായ നോബിൾ മാത്യുവാണ് ഇത് എഴുതി ചേര്‍ത്തതെന്നും ഐ ജി വ്യക്തമാക്കി. പിന്നാലെ അഡ്വ. നോബിള്‍ മാത്യു വഴി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകൻ മുഖേന ആണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.

മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണ വീണ്ടും സസ്‌പെൻഷനിലാണ്‌. തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും ഐ ജി മോൺസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി എന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും സസ്‌പെൻഡ് ചെയ്തത്. എറണാകുളം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ്‌ നടപടി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ ജി നിരവധി തവണ മോൻസണിന്റെ ചേർത്തലയിലെയും കലൂരിലെയും വീടുകളിലെത്തിയിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ അദ്ദേഹത്തെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

English Summary: Kerala HC Lets Suspended IG Gugulloth Lakshman Withdraw Quashing Plea.