കനത്തമഴ; തിരുവനന്തപുരത്ത് 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു, അരക്കോടിയുടെ കൃഷിനാശം

നെടുമങ്ങാട് താലൂക്കിൽ മാത്രം 11 വീടുകള്‍ തകർന്നു, ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷി നശിച്ചു.

0
247

തിരുവനന്തപുരം: മൂന്ന് ദിവസത്തിലേറെയായി നിർത്താതെ പെയ്യുന്ന മഴ തലസ്ഥാന ജില്ലയിൽ വൻ കെടുതി വിതച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിലായി നിവരവധി വീടുകൾ ഭാഗികമായി തകർന്നു. വലിയ തോതിൽ കൃഷി നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിനടിയിലാണ്. ജില്ലയിലെ എല്ലാ നദികളും അപകടകരമാംവിധം കര കവിഞ്ഞൊഴുകുകയാണ്. ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നെടുമങ്ങാട് താലൂക്കിൽ മാത്രം 11 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചിറയിന്‍കീഴ്, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ മഴയില്‍4 3.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. 133 കര്‍ഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു.

ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്. ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ആര്യന്‍കോട് ആറ് ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശാലയില്‍ 10 ലക്ഷം രൂപയുടെയും പുളിമാത്ത് 2.40 രൂപയുടെയും വാമനാപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു.

മഴയെത്തുടർന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അങ്കണവാടിയിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ(58)കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണെന്നും ജില്ലാ അധികൃതർ അറിയിച്ചു. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

തലസ്ഥാന ജില്ലയിൽ പെരുമഴ തുടരുകയാണ്. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുന്നു. മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുമുന്നിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു.

പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നിലവിൽ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിലും തിരുവനന്തപുരം ജില്ലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴക്കെടുതി നേരിടാൻ തിരുവനന്തപുരം നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 0471 – 2377800 ആണ് കൺട്രോൾ റൂമിന്റെ നമ്പർ.

English Summary: Heavy rain In Thiruvananthapuram, 23 houses were partially destroyed.