നാടൻപാട്ട് കലാകാരൻ അറമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

0
122

തൃശൂർ: പ്രശസ്ത നാടൻപാട്ട് കലാകാരൻ അറമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസ്സായിരുന്നു. 350 ഓളം നാടൻ പാട്ടുകൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ ശബ്ദത്തിൽ പുറത്തുവന്ന ജനപ്രിയ നാടൻ പാട്ടുകളുടെ രചയിതാവാണ് അറമുഖൻ വെങ്കിടങ്ങ്. സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു മരണം.

വെങ്കിടങ്ങ് നടുവത്ത് ശങ്കരന്റെയും കാളിയുടെയും മകനാണ്. കലാഭവൻ മണി ആലപിച്ചിരുന്നതുൾപ്പടെ നിരവധി നാടൻപാട്ടുകളുടെയും രചയിതാവാണ്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കച്ചക്കേടെ ചുള കണക്കിന് തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.

സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. മുകേഷ് നായകനായ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂരമ്പലത്തിൽ എന്നത് അദ്ദേഹത്തിന്റെ രചനയാണ്. ചന്ദ്രോത്സവം, ദ ഗാർഡ്, ഉടയോൻ, സാവിത്രിയുടെ അരഞ്ഞാണം, രക്ഷകൻ, മീശമാധവൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും അദ്ദേഹം രചന നിർവഹിച്ചു. ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി, മക്കൾ: സിനി, സിജു, ഷൈനി, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ:വിജയൻ, ഷിമ, ഷാജി