ബിജെപി സർക്കാരിന്റെ മാധ്യമ വേട്ട; ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ്

അംബാനിയുടെ നിയമവിരുദ്ധ ഇടപാടുകൾ പുറത്തകൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് പരഞ്‌ജോയ് തക്കൂര്‍ത്ത.

0
266

ന്യൂഡൽഹി: മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ഡൽഹി പൊലീസിന്‍റെ റെയ്ഡ്. ചൊവ്വാഴ്ച പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജയ ഗുഹ തക്കുർത്ത, മാധ്യമപ്രവർത്തകരായ സഞ്ജയജൗറ, ഭാഷാ സിംഗ്, ഊർമിലേഷ്, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, സഫ്ദർ ഹാഷ്മിയുടെ സഹോദരനും സാംസ്കാരിക പ്രവർത്തകനുമായ സൊഹൈൽ ഹാഷ്മി എന്നിവരുടെ ഡൽഹിയിലെ വസതിയിലാണ് റെയ്ഡ്. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലായി 30 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേന്ദ്രസർക്കാറിനെതിരെ വിമർശനപരമായ നിലപാടുകൾ സ്വീകരിക്കുന്ന ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ഉയർത്തിയാണ് റെയ്ഡ്.

പലരേയും ചോദ്യം ചെയ്ത ശേഷം ലാപ്ടോപുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഡൽഹി പൊലീസ് വീട്ടിലെത്തിയതായും ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് കൊണ്ടുപോയിയെന്നും അഭിസാര്‍ ശര്‍മ ട്വീറ്റ് ചെയ്തു. ഈ ഫോണില്‍ നിന്നുള്ള അവസാന ട്വീറ്റാണിത്. ഫോണ്‍ പൊലീസ് കയ്യടക്കിയെന്നും ഭാഷാ സിംഗ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എഫ് സിആര്‍എ ലംഘിച്ചെന്നാരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ ഇഡി നേരത്തെ കേസ് ചാര്‍ജ് ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് പൊലീസ് പറയുന്നത്.

അംബാനിയുടെ ബിസിനസ് സാമ്രാജ്യത്വത്തിനു പിന്നിലെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകനാണ് പരഞ്ജോയ് തക്കൂര്‍ത്ത. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും നടന്നു. എഴുത്തുകാരി ഗീതാ ഹരിഹരൻ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്‌.

2023 ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുഎസ് ശതകോടീശ്വരനായ നെവിൽ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവിൽ റോയ്. ബിജെപിയും സമാന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന്റെ പേര് പറഞ്ഞാണ് ഇപ്പോഴത്തെ റെയ്ഡ്. ബിജെപിയുടെ ആരോപണങ്ങൾക്ക് പിന്നാലെ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ട് എക്സ് സസ്‌പെൻഡ് ചെയ്തിരുന്നു.

ചൈനയുടെ താത്പര്യങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂസ്‌ക്ലിക്ക് എന്നും അവർ രാഹുൽ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആക്ഷേപം.

ഡൽഹിയിൽ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തുമ്പോൾ പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ ഇതിനുമുമ്പും ന്യൂസ് ക്ലിക്കിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപുറമെ ദി ക്വിന്റ്, ന്യൂസ്ലോൻഡറി എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകളിലും പൊലീസ് റെയ്‌ഡും പരിശോധനയും നടത്തിയിരുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുകഴ്ത്താത്ത മാധ്യമസ്ഥാപനങ്ങളെ റെയ്ഡ് നടത്തിയും മറ്റു പരിശോധനകൾ നടത്തിയും വരിഞ്ഞുമുറുക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്.

ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു. റെയ്ഡിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

English Summary: Journalists associated with news portal ‘NewsClick’ brought at Delhi Police Special Cell office.