യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പൊലീസ് റെയ്ഡ്; വ്യാപക പ്രതിഷേധം

യെച്ചൂരിയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്‌ഡിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

0
165

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച രാവിലെ പൊലീസ് സ്പെഷ്യൽ സെൽ റെയ്ഡ് നടത്തി. ജനറൽസെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച വസതിയിലാണ് റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് റെയ്ഡ് നടത്തിയത്. കാനിംഗ് റോഡിലെ യെച്ചൂരിയുടെ വസതിയിലേക്കാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് സംഘം എത്തിയത്. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിൻ്റെ ഇ-മെയിലും പൊലീസ് അനധികൃതമായി പരിശോധിക്കുന്നുണ്ട്.

മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമായാണ് റെയ്ഡ് എന്നാണു പൊലീസ് പറയുന്നത്. ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകനായ സുമിത് താമസിക്കുന്നത് യെച്ചൂരിയുടെ ഔദ്യോഗിക വസതിയുടെ പിറകിലുള്ള കെട്ടിടത്തിലാണ്. എന്നാൽ, യെച്ചൂരിയുടെ വീട്ടിലാണ് സുമിത് താമസിക്കുന്നതെന്ന് കാരണം പറഞ്ഞാണ് പൊലീസിന്റെ ദാസ്യവേല.

ഡൽഹി ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെ വസതികളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി വരികയാണ്. അതിനിടെയാണ് സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസെത്തിയത്. യെച്ചൂരിയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്‌ഡിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനുപുറമെ ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദിന്റെയും മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് തക്കൂര്‍ത്തയുടെയും വീടുകളിലും റെയ്ഡ് നടത്തി.

ഇതിനുപിന്നാലെയാണ് പുതിയ കണ്ടെത്തലുമായി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിൻ്റെ ഇ-മെയിൽ പൊലീസ് അനധികൃതമായി പരിശോധിച്ചത്. ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തി എന്ന കണ്ടെത്തലാണ് ഇതിനു കാരണമായി പൊലീസ് പറയുന്നത്.

ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിൽ സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാറും ഡൽഹി പൊലീസ് തടഞ്ഞിരുന്നു. ’ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന സെമിനാറാണ് തടഞ്ഞത്. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കെട്ടിടത്തിലേക്കുള്ള ഗെയ്റ്റുകൾ പൂട്ടി. പങ്കെടുക്കാനെത്തിയവരോട് പ്രകോപനപരമായാണ് പൊലീസ് അന്ന് പെരുമാറിയത്. സെമിനാറിന് മുൻ‌കൂർ അനുമതി തേടിയില്ല എന്നാരോപിച്ചായിരുന്നു ഡൽഹി പൊലീസ് കേന്ദ്രസർക്കാരിനുവേണ്ടി അന്ന് ദാസ്യപ്പണിയെടുത്തത്.

English Summary: Widespread protest against the police raid on Yechury’s house.