കൊമ്പൻ ധോണി വീണ്ടും കാഴ്ചയുടെ ലോകത്തേക്ക്; തിമിരം കുറയുന്നതായി റിപ്പോർട്ട്

ആന ക്യാമ്പിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി.

0
236

പാലക്കാട്: നാലുവർഷത്തോളം പാലക്കാട് ധോണി പ്രദേശത്തെയാകെ വിറപ്പിച്ച പി ടി സെവൻ എന്ന കൊമ്പൻ ധോണി വീണ്ടും കാഴ്ചയുടെ ലോകത്തേക്ക്. കഴിഞ്ഞ മാസത്തെ നേത്ര ചികിത്സക്ക് ശേഷം രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാൻ ഇപ്പോൾ ആനയ്ക്ക് കഴിയുന്നതായി വെറ്റിനറി ഡോക്ടർമാർ പറഞ്ഞു. പി ടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം കുറഞ്ഞുവരുന്നതും ആശ്വാസകരമായ മാറ്റമാണ്. ആഗസ്ത് മാസത്തിൽ പി ടി സെവൻ എന്നറിയപ്പെടുന്ന കൊമ്പൻ ധോണിക്ക് നേത്ര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, അത് പിന്നീട് സെപ്തംബർ മാസത്തേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നുണ്ട്. ഇതിനിടയിലാണ് ഇരു വശത്തുമുള്ളവരെ തിരിച്ചറിയാൻ ആനയ്ക്ക് കഴിയുന്നുവെന്ന വാർത്ത പുറത്തുവന്നത്.

പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ധോണിയിൽ ആന ക്യാമ്പ് സന്ദർശിച്ച വനം മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. കൊമ്പനെ ചികിൽസിക്കുന്ന ക്യാമ്പിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി. ആനയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ട്. മുമ്പത്തെപ്പോലെ കാടും നാടും വിറപ്പിച്ച ശൗര്യം ഇപ്പോഴില്ല. മറിച്ച് പാപ്പാന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നവനായി മാറി.

72 അംഗ ദൗത്യസംഘത്തിന്റെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പാലക്കാടിനെ വിറപ്പിച്ച ടസ്‌കര്‍ സെവന്‍ എന്ന പി ടി സെവനിനെ വനം വകുപ്പ് പിടികൂടിയത്. ആനയെ മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ട് വനത്തില്‍ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പി ടി സെവന്റെ പേര് ധോണി എന്നാക്കി മാറ്റിയത്. വനംമന്ത്രി എ കെ ശശീന്ദ്രനാണ് ഈ ഔദ്യോഗിക നാമം നൽകിയത്.

English Summary: P T Seven’s Cataracts are reported to be decreasing.