കൊവിഡിൽനിന്ന് മനുഷ്യരാശിയെ രക്ഷിച്ചു; വൈദ്യശാസ്ത്ര നൊബേല്‍ കാറ്റലിൻ കരിക്കോയ്ക്കും ഡ്രൂ വെ‌യ്സ്മാനും

പുരസ്ക്കാരം കൊവിഡ് പ്രതിരോധ ഗവേഷണത്തിന്.

0
297

സ്റ്റോക്ക്‌ഹോം: 2023ലെ ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റായ കാറ്റലിൻ കരിക്കോയ്ക്കും അമേരിക്കൻ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വെ‌യ്സ്മാനും. കൊവിഡിനെ പിടിച്ചുകെട്ടിയ എംആർഎൻഎ (മെസഞ്ചർ ആർഎൻഎ) വാക്സിൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് ഇരുവർക്കും പുരസ്‌ക്കാരമെന്ന് നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്സിനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനം ലോക മനുഷ്യരാശിക്ക് ഏറെ ഗുണകരമാണെന്നും സമിതി വിലയിരുത്തി. കൊവിഡിനെ പിടിച്ചുകെട്ടാനുള്ള വാക്സിൻ ഗവേഷണത്തിൽ അടക്കം ഏറെ സുപ്രധാനമായ കണ്ടെത്തലായിരുന്നു ഇരുവരുടെയും പഠനം.

ആധുനിക കാലഘട്ടത്തിൽ ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയും മനുഷ്യാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്ത കൊവിഡ്-19 സാഹചര്യത്തെ മറികടക്കാൻ അതുല്യമായ സംഭാവനയാണ് ഇരുവരും ആധുനിക വൈദ്യശാസ്ത്ര മേഖലക്ക് സംഭാവന ചെയ്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ അതിനിർണായകമായ ഇടപെടലാണ് ഇരുവരും ചേർന്ന് നടത്തിയത്. മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്സിൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം പിന്നീട് മനുഷ്യരാശിക്കാകെ കരുത്തായെന്നും ജൂറി വിലയിരുത്തി. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെ വാക്സിൻ ഒരുക്കാനും ഡ്രൂവിന്റെയും കാതലിൻ കരിക്കോയുടെയും പഠനം സഹായകമായി.

ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിൻ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെ‌യ്സ്മാൻ. ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹമായത്.

പെൻസിൽവാനിയ സർവകലാശാലയിലെ ദീർഘകാല സഹപ്രവർത്തകരായ കാറ്റലിൻ കാരിക്കോയും (ഹംഗറി) വെയ്‌സ്‌മാനും (യു എസ്) ഗവേഷണത്തിന് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2021 ലെ പ്രശസ്തമായ ലാസ്‌കർ പുരസ്‌ക്കാരത്തിനും ഇവർ തെരഞ്ഞെടുക്കപ്പെട്ടു. വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയുമാണ് കാരിക്കോ.

എംആർഎൻഎ വാക്സിനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേർന്ന് നടത്തിയത്. കാൻസർ വാക്സിനായും തെറാപ്യൂട്ടിക് പ്രോട്ടീൻ ഡെലിവറി, പടർന്നു പിടിക്കാൻ സാധ്യതയുള്ള അസുഖങ്ങൾ എന്നിവയ്ക്കും എംആർഎൻഎ സാങ്കേതികവിദ്യ ഭാവിയിൽ ഉപകാരപ്പെടും. ഡിസംബർ 10 ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ പുരസ്കാരം നൽകും. സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം.

English Summary: Drew Weissman research that led directly to the first mRNA vaccines to fight Covid-19.