ലോക്കറിൽ വെച്ച 49 പവൻ സ്വർണം കാണാനില്ലെന്ന് കള്ളപ്പരാതി; ഒടുക്കം പരാതിക്കാരി കുടുങ്ങി, പിന്നാലെ നിയമനടപടിയും

വ്യാജ പരാതിക്ക് കൂട്ടായി മനോരമയുടെയും ഏഷ്യാനെറ്റിന്റേയും വ്യാജ വാർത്തകളും.

0
631

തൃശൂർ: ലോക്കറിൽ വെച്ച സ്വർണം കാണാനില്ലെന്ന് കാട്ടി കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിനെതിരെ കള്ളപ്പരാതി നൽകിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി ബാങ്ക് അധികൃതർ. അഴീക്കോട് സ്വദേശിയായ പോണത്ത് സുനിതയാണ് ലോക്കറിൽ വച്ചിരുന്ന 49 പവന്റെ ആഭരണങ്ങൾ കാണാനില്ലെന്ന് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്. സുനിതയുടെയും അമ്മ സാവിത്രിയുടെയും ജോയിന്റ് അക്കൗണ്ടിലുള്ള സേഫ് ഡിപ്പോസിറ്റ് ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. അടുത്തിടെ ലോക്കർ പരിശോധിച്ചപ്പോൾ അതിൽ സ്വർണം ഉണ്ടായിരുന്നില്ലെന്നായിരുന്നു കെട്ടിച്ചമച്ച പരാതി. ഇതോടെ വിഷയം മനോരമയും ഏഷ്യാനെറ്റും ഏറ്റെടുത്ത് വലിയ തോതിൽ വ്യാജവാർത്തകൾ ഉണ്ടാക്കിത്തുടങ്ങി. കരുവന്നൂരിന് പിന്നാലെ കൊടുങ്ങല്ലൂരും എന്നൊക്കെ പറഞ്ഞായിരുന്നു മനോരമയുടെയും ഏഷ്യാനെറ്റിന്റേയും വ്യാജവാർത്തകൾ. കോൺഗ്രസും ബിജെപിയും ബാങ്കിനെതിരെ കള്ളപരാചരണവും തുടങ്ങി. ഇതോടെ ബാങ്ക് ശാഖ മാനേജരും പൊലീസിൽ പരാതി നൽകി.

പോണത്ത് സുനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ബാങ്കിന്റെ കൂടി പരാതി ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ഇതിനിടയിലാണ് സ്വർണം വലപ്പാടുള്ള ബന്ധുവീട്ടിൽനിന്ന് കണ്ടെത്തിയതായി പരാതിക്കാരിയായ പോണത്ത് സുനിത തന്നെ പൊലീസിനെ അറിയിച്ചത്. ലോക്കറിൽ കാണാനില്ലെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയുടെ ബന്ധുവീട്ടിൽനിന്ന് കണ്ടെത്തിയെന്നാണ് സുനിത പൊലീസിനെ അറിയിച്ചത്. 49 പവന്റെ ആഭരണങ്ങളാണ് ബന്ധുവീട്ടിൽനിന്നും കണ്ടെത്തിയത്. വലപ്പാട്ടെ ബന്ധുവീട്ടിൽ പോയപ്പോൾ 49 പവൻ സ്വർണാഭരണം എടുക്കാൻ മറന്നതാണെന്നും പിന്നീടാണ് ഇക്കാര്യം ഓർമ വന്നതെന്നുമാണ് സുനിത ഇപ്പോൾ പറയുന്നത്. എന്നാൽ, ഈ വാദം വിശ്വസനീയമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്രയധികം സ്വർണാഭരണങ്ങൾ ബന്ധുവീട്ടിൽ വെച്ച് മറന്നുപോയെന്നും പിന്നീട് ഓർത്തെടുത്തപ്പോഴാണ് വലപ്പാട്ടെ വീട്ടിൽ ഉണ്ടെന്നുള്ള കാര്യം തിരിച്ചറിഞ്ഞതെന്നുമാണ് പരാതിക്കാരി പറയുന്നത്. അതും ആർക്കും വിശ്വസിക്കാൻ കഴിയുന്ന കഥയല്ല.

ശാസ്‌ത്രീയമായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയതായി പരാതിക്കാരി അറിയിച്ചതെന്ന് ഡിവൈഎസ് പി സലീഷ് ശങ്കർ പറഞ്ഞു. പരാതിക്കാരിയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയക്കുകയായിരുന്നു. ഏതോ ചില കേന്ദ്രങ്ങളിൽ നിന്നുള്ള കുബുദ്ധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ കള്ളപ്പരാതി കെട്ടിച്ചമച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്കിന്റെ സൽപ്പേര് നശിപ്പിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണോ ഇതിനുപിന്നിലെന്നും അന്വേഷിക്കും. ലോക്കറിൽ നിന്നും സ്വർണം നഷ്ടപ്പെട്ടുവെന്ന് വലിയ വാർത്ത കൊടുത്ത് ബാങ്കിനെ കരിവാരിത്തേച്ച ഏഷ്യാനെറ്റും മനോരമയും പക്ഷെ വസ്തുത പുറത്തുവന്നതോടെ ചെറിയ വാർത്തയിലൊതുക്കി. 60 പവൻ കാണാതായി എന്നായിരുന്നു വാർത്തകൾ. ഒടുവിൽ വന്നപ്പോൾ അത് 49 പവനായി കുറഞ്ഞു. അതും സ്വർണവാർത്തയിൽ ട്വിസ്റ്റ് എന്ന തലക്കെട്ടിലാണ് കൊടുത്തതും. കള്ളപ്പരാതി എന്ന് ഒരിക്കലും എവിടെയും പറഞ്ഞതുമില്ല.

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലെ സേഫ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതായി വ്യാജ പരാതി നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. പോണത്ത് സാവിത്രിയും മകൾ സുനിതയും കൂട്ടായി ഉപയോഗിക്കുന്ന ലോക്കറിൽ നിന്നാണ് സ്വർണം നഷ്ടപ്പെട്ടതായി വ്യാജ പരാതി കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയത്. സംഭവത്തിന്റെ സത്യസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ശാഖ മാനേജരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് സ്വർണം ബന്ധുവീട്ടിൽ നിന്ന് ലഭിച്ചതായി പരാതിക്കാരി പൊലീസിനെ അറിയിച്ചത്‌. ഇക്കാര്യത്തിൽ ബാങ്കിന് സംശയമുണ്ട്. 
സ്വർണം നഷ്ടപ്പെട്ടതായ വ്യാജ പരാതി ബാങ്കിന്റെ സൽപ്പേരിനെ ബാധിച്ചിട്ടുണ്ട്. ബാങ്കിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് ജനറൽ മാനേജർ അറിയിച്ചു.

English Summary: Kodungallur Town Co-operative Bank will take legal action against those who filed false complaint.