രണ്ടുകോടി രൂപയുമായി തഹസിൽദാർ അറസ്റ്റിൽ; പിടിച്ചെടുത്തത് കൈക്കൂലിപ്പണം

തഹസിൽദാർ അനധികൃതമായി സമ്പാദിച്ചത് 4.56 കോടിയുടെ സ്വത്തുക്കൾ.

0
47379

ഹൈദരാബാദ്: കോടികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെലങ്കാന നൽഗൊണ്ട ജില്ലയിലെ
മച്ചി റെഡ്‌ഡി എന്ന മഹേന്ദർ റെഡ്ഢിയെയാണ് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. മാരിഗുടം തഹസിൽദാരായിരിക്കെ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസിലാണ് അറസ്റ്റ്.

അടുത്തിടെയാണ് മഹേന്ദർ റെഡ്ഢിയെ രംഗറെഡ്ഢി ജില്ലയിലെ കണ്ടുക്കർ തഹസിൽദാരായി സ്ഥലം മാറ്റിയത്. ഹസ്തിനപുരിലെ ഇയാളുടെ വീട്ടിലും ബന്ധമുള്ള മറ്റിടങ്ങളിലും നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 4.6 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി. വീട്ടിൽ മാത്രം സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപയാണ് പിടിച്ചെടുത്തത്. പണമായി സൂക്ഷിച്ച 2,07,00,000 രൂപയും കണ്ടെടുത്തതായി അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേകം വെൽഡ് ചെയ്തുണ്ടാക്കിയ ഇരുമ്പ് ഡ്രമ്മിനകത്താണ് രൂപ സൂക്ഷിച്ചിരുന്നത്. അഞ്ഞൂറിന്റെ കെട്ടുകളായിരുന്നു നോട്ടുകളത്രയും.

സർവീസിലിരിക്കെ അഴിമതി നടത്തുകയും വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഈ തഹസിൽദാർക്കെതിരെ നിരവധി പരാതികൾ ലഭിച്ചതോടെ ആന്റി കറപ്‌ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ മഹേന്ദർ റെഡ്ഢി സഹകരിച്ചില്ല. അലമാരയുടെ തക്കോൽ ആവശ്യപ്പെട്ടിട്ടും നൽകാൻ കൂട്ടാക്കിയില്ല.

തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയതോടെയാണ് അന്വേഷണവുമായി ഇയാൾ സഹകരിക്കാൻ തയ്യാറായത്. പരിശോധനയിൽ ഏകദേശം 4,56,66,660 രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾ, സ്വർണാഭരണങ്ങൾ എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ മഹേന്ദർ റെഡ്ഢിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

English Summary: Revenue officer in Telangana arrested after Rs 4.6 crore found at his residence.