പെൺമക്കളെ കെട്ടിപ്പിടിച്ച് യുവതി തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച അച്ഛനടക്കം നാലുപേർ മരിച്ചു

പൊള്ളലേറ്റ രണ്ട് സഹോദരങ്ങൾ അടക്കം മൂന്നുപേർ ആശുപത്രിയിൽ.

0
238

വില്ലുപുരം: രണ്ട് പെണ്‍മക്കളെ കെട്ടിപ്പിടിച്ച് 38 കാരി തീ കൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ അച്ഛനടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളൂന്തൂർപേട്ടിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഉളൂന്തൂർപേട്ടിലെ എം ദ്രവിയം, അഞ്ചും മൂന്നും വയസുള്ള പെണ്‍മക്കള്‍, ദ്രവിയത്തിന്‍റെ അച്ഛൻ പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ സഹോദരന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ഉളൂന്തൂർപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുക ശ്വസിച്ച് അവശനിലയിലായ ദ്രവ്യത്തിന്റെ മരുമകൻ വിവേകിനെയും (നാല്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഭര്‍ത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വര്‍ഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനായി ദ്രവിയത്തിന്‍റെ അച്ഛന്‍ പൊന്നുരംഗം മധുരൈ വീരനെ ചര്‍ച്ചയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പൊന്നുരംഗവും മക്കളായ വിജയകുമാറും സദാനന്ദവും മധുരൈ വീരനുമായി വീടിനു പുറത്ത് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ദ്രവിയം വീട്ടില്‍ കയറി വാതിലടച്ചു. പിന്നാലെ അലർച്ചയും നിലവിളിയും കേട്ട് എല്ലാവരും ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

മകളെയും കൊച്ചുമക്കളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് പൊന്നുരംഗം മരിച്ചത്. യുവതിയുടെ സഹോദരന്മാര്‍ക്ക് പൊള്ളലേറ്റു. തിരുനാവലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Tamil Nadu mother hugs 2 daughter sets self on fire.