സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

ഭാരത് ജോഡോ യാത്രക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

0
247

ലഖ്‌നൗ: വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രക്കിടെ കഴിഞ്ഞ വർഷം മഹാരാഷ്‌ട്രയിൽ രാഹുൽഗാന്ധി സവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.

നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജി ഈ വര്‍ഷം ജൂണില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാര്‍ ശ്രീവാസ്തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലഖ്‌നൗ കോടതി ജഡ്ജി അശ്വിനി കുമാര്‍ത്രിപാഠി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശ്യത്തോടെ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് ആക്ഷേപിച്ചതായാണ് പരാതി. സവര്‍ക്കരെ മഹാത്മാഗാന്ധി രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍ തന്റെ പ്രസ്താവനയിലൂടെ സവര്‍ക്കറെ അപമാനിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കേസ്‌ നവംബര്‍ ഒന്നിന് പരിഗണിക്കും.

English Summary: Lucknow court issues notice to Rahul Gandhi over remarks against Savarkar.