സംസ്ഥാനത്ത് മഴ കനത്തു; വിവിധയിടങ്ങളിൽ നാശനഷ്ടം, 5 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.

0
156

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ന്യൂനമർദങ്ങൾ നിലനിൽക്കുന്നതിനാൽ അതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തമ്പാനൂർ അടക്കമുള്ള ഇടങ്ങളിൽ മഴവെള്ളം കയറി. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിനടിയിലായി. കാട്ടാക്കട പന്നിയോട് വീടിൻ്റെ പിൻവശം തകർന്ന് അയൽവാസിയുടെ വീട്ടിൽ പതിച്ചു. അശോകൻ-ഗായത്രി ദമ്പതികളുടെ വീടിൻ്റെ പിൻവശമാണ് പൂർണമായി തകർന്നത്. മേക്കുംകര വീട്ടിൽ പി രാജുവിന്റെ വീട്ടിലെ കുളിമുറിയും ശൗചാലയവും വീടിൻ്റെ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ നരിക്കല്ലിൽ സോമരാജന്റെ വീട്ടിൽ മണ്ണിടിഞ്ഞു വീണു.

എറണാകുളം മുളവുകാട് വീടിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മുഴുവനൂരിൽ റോഡിന് നടുവിലേക്ക് വീണ മരം ഫയർഫോഴ്‌സ് എത്തി മുറിച്ച് നീക്കി. ബണ്ട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് തൃശൂർ മനക്കൊടി പുള്ള് റോഡിൽ ഗതാഗതം നിരോധിച്ചു. ആലപ്പുഴയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ബൈക്ക് തകർന്നു. മഴ തുടരുന്നതോടെ കുട്ടനാട്ടിലെ നെൽക്കർഷകരും പ്രതിസന്ധിയിലായി.

കോട്ടയത്തും കനത്ത മഴയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. പലയിടത്തും ജലനിരപ്പ് അപകടനില കടന്നു. മീനച്ചിലാറിന്റെ കൈത്തോടുകൾ കര തൊട്ടൊഴുകുകയാണ്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറുന്നിട്ടുണ്ട്. മലയോര മേഖലയിലും മഴ ശക്തി പ്രാപിച്ചു. കൊല്ലത്ത് കനത്ത മഴയും കാറ്റും തുടരുകയാണ്.

കോഴിക്കോട് ജില്ലയിൽ മഴ തുടരുകയാണ്. മുക്കത്ത് കിണർ ഇടിഞ്ഞു താഴുകയും വീട് അപകടാവസ്ഥയിലാവുകയും ചെയ്തതോടെ കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ജലാശയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറത്ത് മൂന്നു വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. നാലു വൈദ്യുത പോസ്റ്റുകളും തകർന്നു.

കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായി തുടരുന്നു. മലയോര മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. രണ്ടു ജില്ലകളിലും പുഴകൾ കര കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങളാകെ വെള്ളത്തിൽ മുങ്ങി.

തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര-തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാ​ഗ്രത നിർദേശം നൽകി.

English Summary: Rain will continue in Kerala for the next five days.