വിവാഹം തീരുമാനിച്ച വനിതാഡോക്ടര്‍ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി പൊലീസ്

അടുത്ത ജനുവരി രണ്ടിനായിരുന്നു സിന്ധുജയുടെ വിവാഹം തീരുമാനിച്ചിരുന്നത്.

0
3588

ബംഗളൂരു: യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ സിന്ധുജ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ സിന്ധുജയെ കണ്ടെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു.

അടുത്ത ജനുവരി രണ്ടിനായിരുന്നു സിന്ധുജയുടെ വിവാഹം തീരുമാനിച്ചിരുന്നത്. മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. കട്ടിലിന്റെ സമീപത്തായി സിറിഞ്ച്, ചില മരുന്നുകള്‍, കത്തി കണ്ടെത്തിയെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സോമേ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈയിൽ നിന്ന് എംബിബിഎസ്‌ പൂർത്തീകരിച്ചശേഷം അനസ്‌തേഷ്യയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനായാണ് ബംഗളൂരുവിൽ വന്നത്. കോഴ്സിന്റെ ഭാഗമായുള്ള പരിശീലനാർത്ഥമാണ് കൊല്ലെഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്തിരുന്നത്. സിന്ധുജയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും പൊലീസ് സമഗ്ര അന്വേഷണം തുടങ്ങിയതായും ഡിവൈഎസ്പി പറഞ്ഞു.

English Summary: Doctor found dead in suspicious manner at Kollegal.