രജനീകാന്ത് കേരളത്തില്‍; പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം തിരുവനന്തപുരത്ത്

'തലൈവർ 170'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തുന്നത്...

0
1272

പുതിയ സിനിമയുടെ ചിത്രീകരണത്തിന് രജനികാന്ത് തിരുവനന്തപുരത്ത് എത്തും. ജയിലറിന്റെ വിജയത്തിനു ശേഷം രജനികാന്ത് അഭിനയിക്കുന്ന ‘തലൈവർ 170’യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് താരം തിരുവനന്തപുരത്ത് ഉണ്ടാവുക.

ആദ്യമായാണ് രജനികാന്ത് അഭിനയിക്കുന്ന ചിത്രം തിരുവനന്തപുരത്തുവെച്ച് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാകും ഏർപ്പെടുത്തുക. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും ലൊക്കേഷനാണ്.