കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 14കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥിയെ വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും വലയിലാക്കിയത്.
സമൂഹമാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നും എടുത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിന് കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. നിർമിച്ചെടുത്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപെടുത്തുകയാണ് 14കാരൻ ചെയ്തത്. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതികവിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ നഗ്നശരീരത്തോടൊപ്പം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.
നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ എക്കൗണ്ട് നിര്‍മ്മിച്ച് വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചിരുന്നതായും വിദ്യാര്‍ഥിനികളെ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് 14 വയസുകാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
ആയിരക്കണക്കിന് ഐപി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽനിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പൊലീസ് വിദ്യാർഥിയിലേക്ക് എത്തിയത്. അന്വേഷണ സംഘത്തിൽ എഎസ്ഐ ജോയ്സ് ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എ സലാം, സിപിഒമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവരും ഉണ്ടായിരുന്നു.
English Summary: Morphed Images using AI technology, 14 year old boy arrested in Wayanad.