‘കൈക്കൂലി വാർത്ത’; മാധ്യമങ്ങളെ വിശ്വസിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വസ്തുതകൾ മനസിലാക്കിയതിനുശേഷമേ പ്രതികരിക്കാനുള്ളുവെന്നും കുഞ്ഞാലിക്കുട്ടി.

0
108

കണ്ണൂർ: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരായ ആരോപണത്തിൽ മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സംശയനിവൃത്തി വരുത്തിയതിന് ശേഷമേ അഭിപ്രായം പറയാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

‘ഇതുവരെ മാധ്യമ വാർത്തകൾ ശ്രദ്ധിച്ചപ്പോൾ വിഷയത്തിൽ കൂടുതൽ സംശയ നിവൃത്തി വരുത്തേണ്ട ആവശ്യമുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യാതെ അഭിപ്രായം പറഞ്ഞ് കുടുങ്ങാൻ ഞാനില്ല’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൃത്യമായ വസ്തുതകൾ മനസിലാക്കിയതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ പൊള്ളയാണെന്നും കെട്ടിച്ചമച്ചതാണെന്നും വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കിയത്.

സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കരുത്. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കരുവന്നൂരിലെ ഇ ഡി അന്വേഷണം സഹകരണമേഖലയെ തളർത്തും. സഹകരണമേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. അത് സംരക്ഷിക്കപ്പെടണം. ഇത് യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

English Summary: ‘Bribery News’; P K Kunhalikutty says media cannot be trusted.