ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ എയ്‌സ്‌; ടെന്നീസിൽ ബൊപ്പണ്ണ- ഋതുജ സഖ്യത്തിന് സ്വർണം

ഒമ്പത് സ്വർണം, 13 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇതുവരെ ഇന്ത്യയുടെ മെഡൽ നേട്ടം.

0
709

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ സുവർണനേട്ടം തുടർന്ന് ഇന്ത്യ. ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വർണം കരസ്ഥമാക്കി. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6, 6-3, 10-4. നേരത്തെ പുരുഷന്മാരുടെ ഡബിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യം വെള്ളി നേടിയിരുന്നു. ബൊപ്പണ്ണ-ഋതുജ സഖ്യത്തിന്റെ സ്വര്‍ണനേട്ടത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 35 ആയി ഉയർന്നു. ഒമ്പത് സ്വർണം, 13 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. മെഡൽപട്ടികയിൽ അഞ്ചാം സ്ഥാനം നിലനിർത്തിയാണ് ഇന്ത്യ അത്‌ലറ്റിക്‌സിൽ ഇറങ്ങിയത്.

പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തിൽ ഇന്ത്യ വെള്ളിമെഡൽ നേടി. സരബ്ജോത് സിങ്-ദിവ്യ തഡി​ഗോൾ സുബ്ബരാജു സഖ്യമാണ് വെള്ളി നേടിയത്. അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്. 1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ജിൻസൻ ജോൺസനും ഫൈനലിലെത്തി. ഹീറ്റ്‌സിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.

മെഡല്‍പ്പട്ടികയില്‍ ചൈന തന്നെയാണ് കുതിപ്പ് തുടരുന്നത്. ജപ്പാന്‍, ദക്ഷിണകൊറിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ. അത്‍ലറ്റിക്സിന്റെ ഫൈനൽ പൂർത്തിയാകുന്നതോടെ മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

English Summary: Bopanna/Rutuja script historic comeback to win GOLD.