പോക്‌സോ കേസിൽ 91 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷ വിധിച്ചത്. കേരളത്തിൽ നിലവിൽ പോക്‌സോ കേസിൽ ഏറ്റവും വലിയ ശിക്ഷ നൽകിയ രണ്ടാമത്തെ കേസ് ആണ് ഇത്.
തിരുവല്ലം കോളിയൂർ ചന്തയ്ക്ക് സമീപം മഹാത്മ അയ്യൻകാളി നഗർ സ്വദേശിയായ രതീഷിന് (36) ആണ് പോക്‌സോ നിയമപ്രകാരം 91 വർഷത്തെ കഠിന തടവും 2,10,000 രൂപ പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. അല്ലാത്ത പക്ഷം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും.
2018 മാർച്ച് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. അതിജീവിതയുടെ വീടിനടുത്തു വന്ന പ്രതി ഫോണിൽ ചിത്രങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു എന്നാണ് കേസ്. പുറത്തു പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല് പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവർ ചൈൽഡ് ലൈനിന്റെ സഹായത്തോടെ മലയിൻകീഴ് പോലീസിൽ മൊഴി കൊടുക്കുകയും ചെയ്തു. തുടർന്ന് മലയിൻകീഴ് എസ്.എച്ച്.ഒ പി.ആർ സന്തോഷ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കടയിൽ അതിവേഗ പോക്‌സോ കോടതി നിലവിൽ വന്നശേഷം നൽകിയ ഏറ്റവും വലിയ ശിക്ഷാവിധിയാണ് ഇത്.