ഭിത്തി തുരന്ന് ജ്വല്ലറിയ്ക്കുള്ളിൽ കയറി 25 കോടിയുടെ ആഭരണങ്ങൾ കവർന്നു; മോഷ്ടാവ് പിടിയിൽ

രാത്രി 11 മണിയോടെയായിരുന്നു വൻ കവർച്ച നടന്നത്തിയത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കള്ളൻ ജ്വല്ലറിക്കുള്ളിലെത്തിയത്

0
8247

ന്യൂഡൽഹി: ഡൽഹിയിലെ ഭോഗലിലെ ഉമ്രോ ജ്വല്ലറിയിൽ നിന്നും 25 കോടിയുടെ ആഭരണങ്ങൾ തനിച്ച് കവർന്ന പെരുങ്കള്ളൻ പിടിയിലായി. ഛത്തിസ്ഗഡ് സ്വദേശിയായ ലോകേഷ് ശ്രീവാസാണ് പിടിയിലായത്.കവർച്ച നടത്തി ആറാം ദിനമാണ് കള്ളനെ പിടിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ലോകേഷ് കവർച്ച നടത്തിയതെന്ന് പോലീസ് പറയുന്നു.

സെപ്റ്റംബർ ആദ്യവാരം ഡൽഹിയിലേക്ക് എത്തിയ ലോകേഷ് തിങ്കളാഴ്ചകളിൽ അടച്ചിടുന്ന ഉമ്രോ ജ്വല്ലറി മോഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. പരിസരമെല്ലാം കൃത്യമായി നിരീക്ഷിച്ച് പദ്ധതി തയ്യാറാക്കിയ ശേഷം സെപ്റ്റംബർ 24 ന് രാത്രി 11 മണിയോടെയായിരുന്നു വൻ കവർച്ച നടന്നത്തിയത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കള്ളൻ ജ്വല്ലറിക്കുള്ളിലെത്തിയത്.

രാത്രി മുഴുവൻ കടയ്ക്കുള്ളിൽ കഴിഞ്ഞ ഇയാൾ ഡിസ്‌പ്ലേ വച്ചിരുന്ന ആഭരണങ്ങളത്രയും ബാഗിലാക്കി. ഇതിന് പുറമെ സ്‌ട്രോങ് റൂം തുരന്ന് അതിലുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കി. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ജ്വല്ലറിയിൽ നിന്നും തിരിച്ചിറങ്ങി. ഏകദേശം 20 മണിക്കൂറോളം ജ്വല്ലറിക്കുള്ളിൽ ലോകേഷ് ചെലവഴിച്ചെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാവിലെയെത്തി പതിവുപോലെ ജ്വല്ലറി തുറക്കുമ്പോഴാണ് ഉടമസ്ഥൻ മോഷണം നടന്നതായി അറിഞ്ഞത്. അപ്പോഴേക്കും ലോകേഷ് ഛണ്ഡീഗഡിലേക്ക് ബസ് കയറിയിരുന്നു.

കവർച്ചയ്ക്ക് പിന്നാലെ രാത്രി 8.45 ഓടെ കശ്മീരി ഗെയിറ്റിൽ നിന്നും രണ്ട് ബാഗുകളുമായി ഇയാൾ പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് നിർണായകമായത്. ജ്വല്ലറിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഇതുമായി ബന്ധിപ്പിച്ചാണ് പ്രതി ലോകേഷ് തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്.

ഡൽഹി പോലീസിന്റെ ഒരുസംഘം ഛത്തീസ്ഗഡിലേക്ക് തിരിക്കുകയും ചെയ്തു. ലോകേഷ് എത്തുന്നതിന് മുൻപ് തന്നെ ഛത്തീസ്ഗഡിലെ ഇയാളുടെ വാടകവീടിന് മുന്നിലെത്തിയ പോലീസ് സംഘം കാത്തുനിൽക്കുകയായിരുന്നു. ഒരു രാത്രി നീണ്ട കാത്തിരിപ്പിനൊടുവിൽ ഇയാളെത്തിയതും പോലീസ് അറസ്റ്റ് ചെയ്തു.