വടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു

0
148

വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥ് (72 )അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്തുള്ളയാളാണ് പ്രേംനാഥ്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ പ്രവർത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡൻറായി. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡൻറ്, ജനതാദളിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വടകര റൂറൽ ബാങ്കിന്റെ പ്രസിഡൻറ്, തിരുവനന്തപുരം ചിത്ര എൻജിനീയറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മടപ്പള്ളി ഗവ.കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോകോളേജിൽ നിന്ന് എൽ.എൽ.ബി.യും കേരള സർവകലാശാലയിൽ നിന്ന് എം.എയും നേടിയിട്ടുണ്ട്. ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. പരേതനായ കുന്നമ്പത്ത് നാരായണന്റെയും പത്മാവതി അമ്മയുടെയും മകനാണ്. പരേതയായ പ്രഭാവതിയാണ് ഭാര്യ. മകൾ: പ്രിയ