ഇൻജക്ഷൻ മാറി; യുപിയിൽ 17കാരി മരിച്ചു, മൃതദേഹം ബൈക്കില്‍വെച്ച് ഡോക്ടര്‍ മുങ്ങി

സംഭവം വിവാദമായതോടെ അടച്ചുപൂട്ടി സീൽ ചെയ്തു.

0
471

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇൻജക്ഷൻ മാറിനൽകിയതിനെത്തുടർന്ന് പതിനേഴുകാരി മരിച്ചു. പെൺകുട്ടി മരിച്ചുവെന്നറിഞ്ഞതോടെ മൃതദേഹം ബൈക്കിന്റെ മുകളില്‍ വെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും മുങ്ങി. യുപിയിലെ മെയിൻപുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മയിന്‍പുരി സ്വദേശിനിയായ ഭാര്‍തിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

പനിയെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗിരുരിലെ കര്‍ഹല്‍ റോഡിലെ രാധസ്വാമി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുവായ മനീഷ പറഞ്ഞു. കുട്ടിയുടെ ആരോ​ഗ്യനിലയിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഡോക്ടർ ഇൻജക്ഷൻ നൽകിയ ശേഷം നില വഷളാവുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് കുട്ടിയെ മറ്റൊരിടത്ത് കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഒന്നും ചെയ്യാനില്ലെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായികൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍ അറിയിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ആശുപത്രിക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈക്കിൽ പെണ്‍കുട്ടിയുടെ മൃതദേഹം താങ്ങിവെച്ചിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയരുന്നത്. പ്രതിഷേധം ഭയന്ന് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനും സ്ഥലം വിടുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം. പരാതി ഉയർന്നതോടെ പരിശോധനക്കായി നോഡല്‍ ഓഫീസറെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെ ഡോക്ടറോ മറ്റു ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ആശുപത്രി ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു. ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ മറ്റൊരു രോഗിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയശേഷമാണ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍ സി ഗുപ്ത പറഞ്ഞു. ആശുപത്രി ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കിലും നടത്തിപ്പുകാരൻ ഡോക്ടറല്ലാത്തതിനാല്‍ ലൈന്‍സന്‍സ് റദ്ദാക്കിയെന്നും ഗുപ്ത പറ‍ഞ്ഞു.

English Summary: Video from outside the hospital showing the girl lying seemingly lifeless on a motorcycle.