ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച തുടക്കമായി. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സംഘടിപ്പിക്കുന്നത്.ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്. സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28-ന് ആരംഭിച്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഒക്ടോബർ 7 വരെ നീണ്ട് നിൽക്കും. ‘പ്രചോദനദായകമായ ഒരിടം’ എന്ന പ്രമേയത്തിലൂന്നിയാണ് 2023-ലെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ ഒരുക്കുന്നത്.
32 രാജ്യങ്ങളിൽ നിന്നുള്ള 1800-ൽ പരം പുസ്തകപ്രസാധകർ ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 46000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയിലുള്ള ഈ പുസ്തകമേളയിൽ എണ്ണൂറിൽ പരം പവലിയനുകളുണ്ട്. സൗദി സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച്ചയാണ് റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറെന്ന് ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷൻ സി ഇ ഓ ഡോ. മുഹമ്മദ് ഹസൻ അൽവാൻ വ്യക്തമാക്കി. അറബ് പുസ്തകമേളകളിൽ പ്രധാനപ്പെട്ടതാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെമിനാറുകൾ, കലാപരിപാടികൾ, കവിതാ സദസ്സുകൾ എന്നിവ ഉൾപ്പടെ ഏതാണ്ട് ഇരുനൂറില്പരം പരിപാടികളാണ് ഈ പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായി കുട്ടികളുടെ കവിതാ പാരായണം ഒരു മത്സരയിനമായിത്തന്നെ പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും ആസ്വദിക്കാവുന്ന സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ പുസ്തകമേള സൗദി അറേബ്യയിലെയും, മേഖലയിലെത്തന്നെയും വലിയ പുസ്തകമേളകളിലൊന്നാണ്. ഏതാണ്ട് പത്ത് ലക്ഷത്തിലധികം സന്ദർശകർ ഈ മേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.