സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്.

0
303

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാല് ആശുപത്രികള്‍ക്ക് പുതുതായി എന്‍ക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം മടത്തറ എഫ്എച്ച്സി. 92% സ്‌കോറും എറണാകുളം കോടനാട് എഫ്എച്ച്സി 86% സ്‌കോറും കോട്ടയം വെല്ലൂര്‍ എഫ്എച്ച്സി 92% സ്‌കോറും പാലക്കാട് പൂക്കോട്ടുക്കാവ് എഫ്എച്ച്സി 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. മലപ്പുറം കോട്ടയ്ക്കല്‍ എഫ്എച്ച്സി 99% സ്‌കോര്‍ നേടി പുന:അംഗീകാരം നേടിയതായും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 170 ആശുപത്രികള്‍ പുതുതായി എന്‍ക്യുഎഎസ് അംഗീകാരവും 67 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്കാശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 113 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്നുവർഷ കാലാവധിയാണുളളത്. ഇതിനുശേഷം പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

English Summary: NQAS for a total of 170 health institutions in Kerala.