മഴ ശക്തി പ്രാപിക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്...

0
177

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും വെള്ളിയാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്. മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി വരും മണിക്കൂറിൽ ന്യുനമർദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ശനിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.