ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് ‘വെള്ളിത്തിളക്കം’, മെഡൽ പട്ടികയിൽ നാലാമത്

പുരുഷന്മാരുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യൻ സംഘത്തിന് വെള്ളി മെഡൽ.

0
213

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച ട്രക്കും ഫീൽഡും ഉണർന്നതോടെ ശുഭ പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ഹാങ്ചൗ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിലാണ്‌ അത്‌ലറ്റിക്‌സിലെ 48 ഇനങ്ങൾ ഇന്ന് വൈകിട്ടാണ്. ആദ്യദിവസം അഞ്ച്‌ ഫൈനലുണ്ട്‌. ജാവലിൻത്രോയിൽ ലോക–ഒളിമ്പിക്‌ ചാമ്പ്യൻ നീരജ്‌ ചോപ്രയിലാണ് ഇന്ത്യൻ പ്രതീക്ഷ. ഇതിനുപുറമെ ലോകത്തെ എണ്ണം പറഞ്ഞ കായികതാരങ്ങൾ ചൈനയുടെ ട്രാക്കിൽ തീ പാറിക്കും. ഹൈജമ്പിൽ മുതാസ്‌ ഇസ ബർഷിം (ഖത്തർ), ഷോട്ട്‌പുട്ടിൽ ഗോങ് ജിയാവോ (ചൈന), ജാവലിൻത്രോയിൽ അർഷാദ്‌ നദീം (പാകിസ്ഥാൻ), സ്‌പ്രിന്റ്‌ ഇനങ്ങളിൽ ശാന്തി പെരേര (സിംഗപ്പൂർ) എന്നീ പ്രമുഖ അത്‌ലറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി മത്സരത്തിന് ഇറങ്ങുന്നുണ്ട്.

വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ ഐശ്വര്യ കൈലാഷ് മിശ്ര ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്താണ് ഐശ്വര്യ ഫിനിഷ് ചെയ്തത്. ഈ സീസണിലെ മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ച വെച്ചത്.

പുരുഷന്മാരുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയത്. സ്വർണ മെഡൽ പോരാട്ടത്തിനായി ഇറങ്ങിയ ഇന്ത്യൻ സഖ്യം ചൈനീസ് തായ്പെയുടെ എച്ച്സു യു സിയു- ജേസൺ ജംഗ് സഖ്യത്തോടാണ് അടിയറവ് പറഞ്ഞത്. രാംകുമാർ രാമനാഥൻ ആദ്യമായാണ് ഏഷ്യൻ ​ഗെയിംസിൽ മെഡൽ നേടുന്നത്. ഇത്തവണത്തെ ഏഷ്യൻ ​ഗെയിംസ് ടെന്നിസിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവുമാണിത്. വനിതകളുടെ സ്‌ക്വാഷില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം ലഭിച്ചു. ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന, അനാഹത് സിങ് എന്നിവരാണ് ഇന്ത്യയുടെ വനിതാ സ്‌ക്വാഷ് ടീം.

ഏഷ്യൻ ​ഗെയിംസിന്റെ ആറാം ദിവസം മാത്രം ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകൾ നേടി. ഇന്ത്യയ്ക്ക് എട്ട് സ്വര്‍ണമടക്കം 32 മെഡലുകളാണുള്ളത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്കുയർന്ന് നില മെച്ചപ്പെടുത്തി.

English Summary: WOMEN’S 400m; Aishwarya Kailash Mishra qualify for the final.