വളര്‍ത്തുനായ്ക്കള്‍ യുവാവിനെ കടിച്ചുകീറി; നായ്ക്കളുടെ ഉടമ അറസ്റ്റില്‍

അക്രമകാരികളായ നായ്ക്കളെ അനുമതിയില്ലാതെ വളര്‍ത്തിയതിന് നഗരസഭയും സ്റ്റീഫനോട് വിശദീകരണം തേടി.

0
676

പാലക്കാട്: ഷൊര്‍ണൂർ പരുത്തിപ്രയില്‍ വളർത്തുനായകൾ യുവാവിനെ കടിച്ചുപറിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നായകളുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്പില്‍ സ്റ്റീഫനെയാണ് അറസ്റ്റുചെയ്തത്. അക്രമസ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയാണ് പരുത്തിപ്ര പുത്തന്‍പുരയ്ക്കല്‍ മഹേഷിനെ സ്റ്റീഫന്‍ വളര്‍ത്തുന്ന ‘പിറ്റ്ബുള്‍’ ഇനം നായ്ക്കള്‍ ആക്രമിച്ചത്. ശരീരത്തിലാകമാനം നായ്ക്കള്‍ കടിച്ചുപറിച്ചിരുന്നു. ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞും ചെവിയറ്റ നിലയിലുമാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്.

നായകളുടെ ഉടമ സ്റ്റീഫന്റെ വാടകവീടിനോട് ചേർന്ന പശുഫാമില്‍നിന്ന് പാലെടുക്കാനായി ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴാണ് നായകൾ കൂട്ടം കൂടി ആക്രമിച്ചത്. പത്തു മിനിറ്റോളം നായ്ക്കളുടെ അക്രമണത്തിനിരയായ മഹേഷ് രക്തം വാർന്ന് ബോധം കെട്ടുവീണു. നായകളുടെ കുരയും മഹേഷിന്റെ നിലവിളിയും കേട്ട് നായ്ക്കളുടെ ഉടമ സ്റ്റീഫന്‍ എത്തിയാണ് മഹേഷിനെ രക്ഷിച്ചത്. പരുത്തിപ്ര എസ്എന്‍ ട്രസ്റ്റ് ഹൈസ്‌കൂളിലേക്ക് പോകുന്ന വഴിയരികിലെ വാടകവീട്ടിലാണ് സ്റ്റീഫന്‍ താമസിക്കുന്നത്.

സംഭവത്തെതുടര്‍ന്ന് വാടകവീടൊഴിയാന്‍ ഉടമ സ്റ്റീഫനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ അനുമതിയില്ലാതെ വളര്‍ത്തിയതിന് നഗരസഭയും സ്റ്റീഫനോട് വിശദീകരണം തേടി. നായ്ക്കളുടെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരഭാ സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English Summary: Owner of the dogs was arrested in Palakkad.