‘മാധ്യമരംഗത്ത് 26 വർഷം പിന്നിട്ട നികേഷിന് ഇനിയും ഒരു എഡിറ്ററെ വേണം എന്നത് സങ്കടകരമാണ്’

ആരോപണം മാത്രം വാർത്തയാക്കുന്ന സംസ്കാരം മലയാള ദൃശ്യ മാധ്യമ രംഗത്തേക്ക് കൊണ്ട് വന്നതിൻ്റെ ക്രെഡിറ്റ് നികേഷ് കുമാറിന് അവകാശപ്പെട്ടതാണ്.

0
31296

കെ കെ ഷാഹിന

അപ്പോൾ അങ്ങനെ ആ കഥ അടപടലം പൊളിഞ്ഞു. കൈക്കൂലി വാങ്ങിയതായി ആരോപിക്കപ്പെട്ട ദിവസം വീണാ ജോർജിൻ്റെ സെക്രട്ടറി മറ്റൊരു ജില്ലയിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എന്നതിനുള്ള സ്ട്രോങ്ങ് അലൈബി പുറത്ത് വന്നു.

റിപ്പോർട്ടർ ടീ വിക്കേതിരെ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് എഴുതിയ പോസ്റ്റ് കണ്ടിരുന്നു.

ഒരു ആരോപണം ഉണ്ടായാൽ, ആരോപണ വിധേയർക്ക് പറയാനുള്ളത് കൂടി കേൾക്കാതെ ആരോപണം മാത്രം വാർത്തയാക്കുന്ന സംസ്കാരം മലയാള ദൃശ്യ മാധ്യമ രംഗത്തേക്ക് കൊണ്ട് വന്നതിൻ്റെ ക്രെഡിറ്റ് നികേഷ് കുമാറിന് അവകാശപ്പെട്ടതാണ്. ‘ആരോപണം ആദ്യം, വിശദീകരണം പിന്നെ’ എന്ന നാരദനിലെ ഡയലോഗ് വെറുതെ ഉണ്ടായതല്ല. ഇന്ത്യാ വിഷനാണ് അങ്ങനെ ഒരു വാർത്താ സംസ്കാരം കൊണ്ട് വന്നത്. ഒരു സർക്കാരിനെ തന്നെ മറിച്ചിടാൻ പ്രഹരശേഷി ഉള്ള വാത്തയായാൽ പോലും, അതിൽ ആരോപണ വിധേയരായവരുടെ കൂടി പ്രതികരണം ഇല്ലാതെ ഒരു വാർത്തയും വെളിച്ചം കാണില്ലായിരുന്നു അത് വരെയുള്ള ഏഷ്യനെറ്റിൽ.

ഭരിക്കുന്നത് ഏത് മുന്നണി ആയാലും പാർട്ടി ആയാലും അണുകിട പോലും വിട്ട് വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. ഏകപക്ഷീയമായ ആരോപണങ്ങൾ വാർത്തയാക്കി കൊണ്ട് ചെന്നാൽ എടുത്ത് കുട്ടയിൽ ഇടുന്ന എഡിറ്റർമാർ ഉണ്ടായിരുന്നു അക്കാലത്ത്.

നികേഷ് സുഹൃത്താണ്. പഴയ സഹപ്രവർത്തകനാണ്. At the risk of loosing the firendship, ഇത്രയും പറയാതിരിക്കാൻ വയ്യ. ആർക്കും ആർക്കെതിരെയും എന്തും വിളിച്ചു പറയാമെന്ന, ഒരു തെളിവും ഇല്ലെങ്കിലും ആരോപണങ്ങൾക്ക് സ്ക്രീൻ ടൈം കിട്ടും എന്ന മലീമസമായ വാർത്താ സംസ്കാരം സൃഷ്ടിച്ചു എന്നതാണ് നികേഷിൻ്റെ ഒരു പ്രധാന സംഭാവന എന്ന് ഞാൻ പറഞ്ഞാൽ നികേഷ് അത് constructive criticism ആയി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. (തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാതെ പണി എടുപ്പിക്കുന്ന വാർത്താ സംസ്കാരം സൃഷ്ടിച്ചതാണ് മറ്റൊരു സംഭാവന). ഇന്ത്യാവിഷൻ പോയി റിപ്പോർട്ടർ വന്നതിന് ശേഷവും നികേഷ് ഇത് തന്നെ തുടർന്നു എന്നത് ദൗർഭാഗ്യകരമാണ്.

ഒരു മന്ത്രിയുടെ ഓഫീസിന് നേരെ ഒരു ആരോപണം ഉയർന്നാൽ അതേ കുറിച്ച് മന്ത്രിയുടെ പ്രതികരണം തേടുക എന്നത് ഉന്നതമായ മാധ്യമ നൈതികത ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അത് മാധ്യമപ്രവർത്തനത്തിൻ്റെ അടിസ്ഥാന നിയമം മാത്രമാണ്. Very basic rule of journalism. ഫീൽഡിൽ നിൽക്കുന്ന റിപ്പോർട്ടർമാർക്ക് ചിലപ്പോ ആവേശം ഉണ്ടായേക്കാം. ആവേശം മൂലം അവർ ഈ നിയമങ്ങൾ മറന്നെന്ന് വരാം. അപ്പൊൾ അവരെ അത് ഓർമിപ്പിക്കുക എന്നതാണ് ഒരു എഡിറ്ററുടെ പണി. ചാനലുകളിൽ ഇപ്പൊൾ അങ്ങനെ ഒരാളില്ല എന്നതാണ് യാഥാർത്ഥ്യം. പല അവതാരകർക്കും അങ്ങനെ ഒരാളെ കണ്ട് പരിചയം തന്നെയില്ല. അത് കൊണ്ടാണല്ലോ ഏഷ്യനെറ്റിലെ ഒരു അവതാരകൻ, ഒരു ഇംഗ്ലീഷ് പത്രത്തിൻ്റെ എഡിറ്ററെ കുറിച്ച് ‘ അയാൾക്ക് എന്താണ് പണി ‘ എന്ന് പുച്ഛത്തോടെ ചോദിച്ചത്. അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല. കാരണം അയാൾ എഡിറ്ററെ കണ്ടിട്ടില്ല.

മാധ്യമ രംഗത്ത് 26 വർഷം പിന്നിട്ട നികേഷിന് ഇനിയും ഒരു എഡിറ്ററെ വേണം എന്നത് സങ്കടകരമാണ്.

English Summary: The reality is that channels do not have editors.