മുട്ടിൽ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി, നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്

570 വര്‍ഷംവരെ പഴക്കമുള്ള 104 മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചു കടത്തിയത്.

0
302

വയനാട്: പ്രമാദമായ മുട്ടിൽ മരംമുറി കേസിൽ കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് നടപടി കടുപ്പിച്ച് റവന്യൂ വകുപ്പ്. പ്രധാന പ്രതി റോജി അഗസ്റ്റിൻ അടക്കം 35 പേർക്കെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ അടക്കേണ്ടത്. മുറിച്ചു കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിയാണ് പിഴത്തുകയായി ഈടാക്കുക. ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസ്. തുക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടക്കുമെന്ന് റവന്യൂ വകുപ്പ് നോട്ടീസിൽ മുന്നറിയിപ്പ് നൽകി.

മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് കേരള ലാൻഡ് കൺസർവൻസി ആക്ട് അനുസരിച്ചുള്ള നടപടി പുരോഗമിക്കുന്നത്. മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവയെന്ന് ഡിഎൻഎ പരിശോധനയിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇവയിപ്പോൾ കുപ്പാടിയിലെ വനം തടി ഡിപ്പോയിൽ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസിൽ അടുത്തമാസം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ഒപ്പം റവന്യൂ നടപടികൾ കൂടി വന്നതിനാൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ശക്തമായ നിയമ നടപടികൾ നേരിടേണ്ടിവരും.

മന്ത്രി കെ രാജൻറെ കർശന നിർദേശത്തെതുടർന്നാണ് നടപടികൾ വേഗത്തിലായത്. ഭൂഉടമകൾക്കും മരം മുറിച്ചവർക്കും വാങ്ങിയവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ആദിവാസികളടക്കമുള്ള ഭൂ ഉടമകൾക്കും നോട്ടീസ് നൽകി. ഇവരെ കെഎൽസി ആക്ട് നടപടിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കേണ്ടി വരും. പല കർഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയത്. വ്യാജ അപേക്ഷ തയാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചതെന്ന് ആദിവാസികളടക്കം ഏഴ് ഭൂവുടമകൾ പൊലീസിന് മൊഴി നൽകിയിരുന്നു.

നിലവിൽ മുട്ടിൽ മരംമുറിക്കേസ് പ്രതികളിലെ റോജി അഗസ്റ്റിന് മാത്രമാണ് നോട്ടീസ് കിട്ടിയത്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും ഉൾപ്പെട്ട 27 കേസുകളിൽ മരത്തിൻ്റെ വിലനിർണയം അവസാനഘട്ടത്തിലാണ്. വിലനിശ്ചിയിച്ചു കഴിഞ്ഞാൽ, അവർക്കും പിഴചുമത്തും. ഭൂവുടമകൾക്കും ഇടനിലക്കാർക്കുമെതിരെയെല്ലാം കെഎൽസി ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്.

English Summary: 104 trees up to 570 years old were cut from Muttil South Village.