റിപ്പോർട്ടറിന്റെ ‘ബ്രേക്കിങ്’ മുട്ടിൽ മരംമുറി കേസിലെ എട്ടുകോടി പിഴ വാർത്ത മുക്കാൻ

വാർത്ത 'ബ്രേക്ക്' ചെയ്ത ദിവസം റിപ്പോർട്ടർ ടിവിയിൽ എഡിറ്റർമാർ നടത്തിയ ചർച്ചയും ചാനലിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്...

0
5526

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് റിപ്പോർട്ടർ ടി വി ‘ബ്രേക്കിംഗ് വാർത്ത’ ഉണ്ടാക്കിയതിനുപിന്നിൽ മുതലാളിയുടെ മരംകൊള്ള വാർത്ത മുക്കാൻ. പ്രമാദമായ മുട്ടിൽ മരംമുറി കേസിൽ കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് റിപ്പോർട്ടർ ടി വി മുതലാളി പ്രതി റോജി അഗസ്റ്റിൻ അടക്കമുള്ളവർക്കെതിരെ എട്ടുകോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസ്. തുക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകിട്ടുമെന്നും കാട്ടി റവന്യൂ വകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു. ഇത് കേരളത്തിൽ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുമെന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ‘കൈക്കൂലി വാർത്ത’ കൊട്ടിഘോഷിച്ച് കൊടുത്തത്. ‘കൈക്കൂലി വാർത്ത’ വരുന്നതോടെ കേരളത്തിലെ യു ഡി എഫ് മാധ്യമങ്ങൾ അതേറ്റെടുക്കുമെന്ന ധാരണയിലാണ് വസ്തുതയുടെ കണിക പോലുമില്ലാത്ത വാർത്ത ഇക്കൂട്ടർ സ്തോഭജനകമായി അവതരിപ്പിച്ചത്.

പല കർഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയത്. മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവയെന്ന് ഡിഎൻഎ പരിശോധനയിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇടവേളക്കുശേഷം ഇത് വീണ്ടും വാർത്തയാകുന്നത് തടയുകയെന്ന ഗൂഢലക്ഷ്യമായിരുന്നു ആരോഗ്യമന്ത്രിക്കെതിരായ വാർത്തയ്ക്ക് പിന്നിൽ. ‘കൈക്കൂലി വാർത്ത’ വരുന്നതോടെ അത് ‘ലൈം ലൈറ്റിൽ’ നിൽക്കുമെന്നും അതുവഴി തങ്ങൾക്കെതിരായ വാർത്ത മറ്റു മാധ്യമങ്ങൾ കൊടുക്കില്ലെന്നുമുള്ള അതിബുദ്ധിയും
ഇതിനുപിന്നിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ ബന്ധുവായ പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങി എന്ന തരത്തിൽ റിപ്പോർട്ടർ വാർത്ത പ്രചരിപ്പിച്ചതും. ഇതോടെ കോൺഗ്രസിനുവേണ്ടി അഹോരാത്രം ‘പണിയെടുക്കുന്ന’ ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇത് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരനായ ഹരിദാസിന്റെ ആരോപണം ചില കേന്ദ്രങ്ങളിലെ തിരക്കഥക്കനുസരിച്ചാണെന്ന് തിരിച്ചറിഞ്ഞ ഏതാനും മാധ്യമങ്ങൾ ഇതിൽനിന്നും പിന്നോക്കം പോയി.

പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ‘കൈക്കൂലി വാർത്ത’ ആസൂത്രിതമായിരുന്നുവെന്നും വ്യക്തമായി. അഖില്‍മാത്യുവിന് പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രില്‍ 10ന് പകല്‍ 2.30 മുതല്‍ അഖിൽ മാത്യു പത്തനംതിട്ടയിലാണ്. പകല്‍ മൂന്നു മുതല്‍ വിവാഹചടങ്ങിലുമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 10നായിരുന്നു തിരുവനന്തപുരത്ത് തൈക്കാട് വച്ച് പകല്‍ മൂന്നിന് അഖില്‍ മാത്യുവിന് പണം നല്‍കിയെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ബാസിദ് ആരോപിച്ചത്. ഇതോടെ റിപ്പോർട്ടർ ടിവിക്കാർ പറഞ്ഞത് മുഴുവൻ നുണയാണെന്ന് കേരളത്തിന് വ്യക്തമായി. നില പരുങ്ങലിലായ ചാനൽ പിന്നെ ഹരിദാസൻ നൽകിയ പരാതി മന്ത്രിയോ മന്ത്രിയുടെ ഓഫീസോ പൊലീസിന് കൈമാറിയില്ല എന്ന വാർത്ത കൊടുത്തു. എന്നാൽ, നാട്ടുകാരുടെ പരാതി പൊലീസിന് കൈമാറുന്ന ജോലിയല്ല മന്ത്രിയുടെ ഓഫീസിന് എന്നറിയാമായിരുന്നിട്ടും അതും വളച്ചൊടിച്ച് വാർത്തയാക്കി. ഏറ്റവുമൊടുവിൽ ‘അഖിൽ മാത്യു സംഭവസമയത്ത് പത്തനംതിട്ടയിൽ; പക്ഷേ, ആരോപണത്തിലുറച്ച് ഹരിദാസൻ’ എന്ന രീതിയിൽ വാർത്ത കൊടുത്ത് തടിയൂരാനാണ് ഇപ്പോൾ റിപ്പോർട്ടർ ടി വി ശ്രമിക്കുന്നത്.

വാർത്ത ‘ബ്രേക്ക്’ ചെയ്ത ദിവസം റിപ്പോർട്ടർ ടിവിയിൽ എഡിറ്റർമാർ നടത്തിയ ചർച്ചയും ചാനലിന്റെ പൊള്ളത്തരം തുറന്നുകാട്ടി. ആരോഗ്യമന്ത്രിയോടുള്ള അസൂയ പ്രകടിപ്പിക്കാനാണ് നാല് ‘പ്രഗത്ഭ മാധ്യമപ്രവർത്തകരും’ ശ്രമിച്ചത്. സംഭവത്തിലെ വസ്തുത നികേഷ് കുമാർ ചൂണ്ടിക്കാട്ടാൻ ശ്രമിക്കുമ്പോഴൊക്കെ അതിനെ പരാതി നൽകിയ തീയതി എന്ന കാര്യം പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റുള്ളവർ.