‘മലപ്പുറത്ത് നിന്നൊരു റിയൽ കേരള സ്റ്റോറി’; നബിദിന റാലിയിൽ കുട്ടികൾക്ക് നോട്ടുമാലയും ഉമ്മയും സമ്മാനിച്ച് ഷീന

നബിദിന റാലിയെത്താൻ മഴ കൂസാതെ മകളുമായി ഷീനയുടെ കാത്തിരിപ്പ്.

0
1555

മലപ്പുറം: മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബിദിനറാലിയിലെ മനം നിറക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴയെ കൂസാതെ മകൾക്കൊപ്പം നബിദിന റാലിയെ കാത്തിരുന്ന ഷീന എന്ന യുവതിയും മകളുമാണ് മതസൗഹാർദത്തിന്റെ പുതിയ കാഴ്ചയൊരുക്കിയത്. ഏറെനേരം മഴയത്ത് നബിദിന റാലിയെ കാത്തിരിക്കുകയും റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാലയും നിറഞ്ഞ മനസോടെ ഉമ്മയും നൽകി മകളുമായി മടങ്ങുന്ന ദൃശ്യങ്ങളാണ് എങ്ങും ചർച്ച ചെയ്യുന്നത്. മതസൗഹാർദ്ദത്തിന്റെ ഈ കാഴ്ചയാണ് ‘കേരളത്തിന്റെ റിയൽ സ്റ്റോറി’യെന്ന് ദൃശ്യങ്ങൾ കണ്ട ആയിരങ്ങൾ കുറിച്ചു.

മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബിദിന റാലി കടന്നുവരുന്ന വഴിയിലാണ് ഷീന മകളുമായി കാത്തുനിന്നത്. കനത്തുപെയ്യുന്ന മഴയെ കണക്കിലെടുക്കാതെ തലയിൽ തുണിയുമിട്ടാണ് അമ്മയും മകളും റാലിയെ കാത്തുനിൽക്കുന്നത്. റാലി എത്തിയതോടെ ചെറിയ സഞ്ചിയുമായി കടന്നുവന്ന ഷീന അത് തുറന്ന് നോട്ടുമാലയെടുത്ത് ക്യാപ്റ്റന് നോട്ടുമാല ചാർത്തി. നിറഞ്ഞ ചിരിയോടെ കവിളിൽ ഉമ്മയും നൽകി. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

അടുത്തിടെയാണ് ജോലി കിട്ടിയതെന്നും ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിലാണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. റാലി കഴിഞ്ഞശേഷം മകളുമായി നിറഞ്ഞ ചിരിയോടെ വീട്ടിലേക്ക് മടങ്ങുന്ന ഷീനയെ വിദേശങ്ങളിൽ നിന്നടക്കം അഭിനന്ദിച്ച് നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

പ്രവാചക സ്മരണയിൽ സംസ്ഥാനത്തുടനീളം വിവിധ മഹല്ലുകമ്മിറ്റികൾ വ്യാഴാഴ്ച നബിദിന റാലികള്‍ സംഘടിപ്പിച്ചു. സംസ്ഥാനമൊട്ടുക്കും നൂറുകണക്കിനു മദ്രസ വിദ്യാർഥികളും വിശ്വാസികളും റാലികളിൽ അണിനിരന്നു.

English Summary: A real Kerala story from Malappuram.