റിപ്പോർട്ടറിന്റെ ‘കൈക്കൂലി വാർത്ത’ തേഞ്ഞു; പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റ്, തെളിവുകള്‍ പുറത്ത്

തിരക്കഥ പൊളിഞ്ഞു പാളീസായതോടെ 'ബ്രേക്കിങ് ഉണ്ടാക്കിയ' റിപ്പോർട്ടർ ആകെ പെട്ട സ്ഥിതിയിലാണ്.

0
9110

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തിൽ വഴിത്തിരിവ്. പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏപില്‍ 10ന് മന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് പണം നല്‍കി എന്നതായിരുന്നു പരാതിക്കാരനായ ഹരിദാസന്റെ വാദം. എന്നാല്‍ ഏപ്രില്‍ 10 ന് അഖില്‍ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ആരോപണം ഏറ്റുപിടിച്ച് കേരളത്തെ നടുക്കുന്ന ‘കൈക്കൂലി വാർത്ത’ ചെയ്ത റിപ്പോർട്ടർ ടിവിയും തേഞ്ഞൊട്ടി. കഴിഞ്ഞ രണ്ടുദിവസം അന്വേഷണാത്മകം എന്ന രീതിയിൽ വായിൽ വിളിച്ചുപറഞ്ഞ പലതും വിഴുങ്ങേണ്ട അവസ്ഥയിലാണിപ്പോൾ ‘എസ് ഐ ടി ടീം’.

2023 ഏപ്രില്‍ ഏപ്രില്‍ 10നായിരുന്നു തിരുവനന്തപുരത്ത് തൈക്കാട് വച്ച് പകല്‍ മൂന്നിന് അഖില്‍ മാത്യുവിന് പണം നല്‍കിയെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ബാസിദ് ആരോപിച്ചത്. എന്നാൽ, പരാതിക്കാരനായ ഹരിദാസ് പറയുന്നത് അഖിൽ മാത്യു അന്നേ ദിവസം സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിൽ നിന്നും ഇറങ്ങി വന്ന് പൈസ വാങ്ങിയ ശേഷം ഓഫീസിലേയ്ക്ക്‌ മടങ്ങിപ്പോയി എന്നാണ്. ഉച്ചയ്ക്ക് ശേഷം എന്ന് പറയുമ്പോൾ നാല് മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാവാം എന്നും ഹരിദാസൻ പറയുന്നു. മലപ്പുറം സ്വദേശി ബാസിദ് പറയുന്നത് തൈക്കാട് വെച്ചാണ് പണം നൽകിയെതെന്നാണ്. എന്നാൽ, ഹരിദാസൻ പറയുന്നതാകട്ടെ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിനു മുന്നിൽ വെച്ചാണ് തുക കൊടുത്തുവെന്നും. ഹരിദാസൻ ആദ്യം പറഞ്ഞത് ഓട്ടോസ്റ്റാൻഡിന്‌ അടുത്തുള്ള കടയിൽ വെച്ച്‌ ഏപ്രിൽ 10 ഉച്ചയ്ക്ക്‌ 2.20ന്‌ കൈക്കൂലി നൽകി എന്നായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ചാനൽ ചർച്ചയിൽ പറയുന്നത് നാല് മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാവാം എന്നും. ചില കേന്ദ്രങ്ങളിലെ തിരക്കഥക്കനുസരിച്ച് ഉൽപാദിപ്പിച്ച വാർത്തയാണിതെന്ന് പകൽ പോലെ വ്യക്തം.

പണം കൊടുത്തു എന്ന് പറയുന്ന 2.30 മുതല്‍ അഖിൽ മാത്യു പത്തനംതിട്ടയിലാണ്. പകല്‍ മൂന്നു മുതല്‍ വിവാഹചടങ്ങിലുമായിരുന്നു. പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലന്‍ മാത്യു തോമസിന്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി ജോർജിന്റെയും വിവാഹചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അഖില്‍ മാത്യു. വൈകിട്ട് നാലിന് പത്തനംതിട്ട മൈലപ്ര ശാലേം മാര്‍ത്തോമ്മ പള്ളിയിലായിരുന്നു വിവാഹം. തുടര്‍ന്ന് മൈലപ്ര പള്ളിപ്പടി സാം ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന്‌. ഇതില്‍ രണ്ടിലും അഖില്‍ മാത്യു പങ്കെടുത്തിട്ടുണ്ട്.

ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതോടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ ഉന്നയിച്ച ആരോപണം കള്ളമെന്ന് വ്യക്തമാകുന്നു. ഹരിദാസിന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും രംഗത്തെത്തി. ഏപ്രിൽ 10ന് മന്ത്രിയുടെ പി എ അഖിൽ മാത്യു പത്തനംതിട്ട മൈലപ്പറയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്നും ആ വിവാഹത്തിൽ താനും പങ്കെടുത്തുവെന്നും ജില്ലാ സെക്രട്ടറി ഉദയഭാനു വ്യക്തമാക്കി.

തിരക്കഥ മൊത്തത്തിൽ പൊളിഞ്ഞു പാളീസായതോടെ ‘ബ്രേക്കിങ് ഉണ്ടാക്കിയ’ റിപ്പോർട്ടർ ആകെ പെട്ട സ്ഥിതിയിലാണ്. അഖിൽ മാത്യു മന്ത്രിയുടെ ബന്ധുവാണെന്ന് ആയിരുന്നു റിപ്പോർട്ടർ വായിട്ടലച്ചത്. പത്തനംതിട്ടയിൽ റിപ്പോർട്ടറിന് ഓഫീസ് ഉള്ള സ്ഥിതിക്ക് ഏതെങ്കിലും ഒന്ന് അന്വേഷിക്കാമായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചതോടെ അതും ചീറ്റി. അഖിൽ മാത്യു തന്റെ ബന്ധുവല്ലെന്നും സ്റ്റാഫ് മാത്രമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലും അറിയിച്ചു.

ഇതോടെ വ്യാഴാഴ്ച രാവിലെ മുതൽ പുതിയ നുണയുമായി ‘അന്വേഷണം’ തുടർന്നു. മന്ത്രിയുടെ ഓഫീസിന് ഒളിച്ചുകളി, പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസ്, പരാതി പൊലീസിന് കൈമാറിയില്ല എന്നൊക്കെയാണ് നിലവിളി. എന്നാൽ, മന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് ബുധനാഴ്ച തന്നെ കേസെടുത്തിരുന്നു. അഖിൽ മാത്യു കന്റോൺമെന്റ്‌ പൊലീസിലും പരാതി നൽകി. ആൾമാറാട്ടം നടന്നതായി ബുധനാഴ്ച കന്റോൺമെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി അഖിൽ മൊഴിയും നൽകി. ഇത് മറച്ചുവെച്ചാണ് ‘ഒളിച്ചുകളി’ വാർത്ത കൊടുത്തത്. ഏറ്റവുമൊടുവിൽ ‘അഖിൽ മാത്യു സംഭവസമയത്ത് പത്തനംതിട്ടയിൽ; പക്ഷേ, ആരോപണത്തിലുറച്ച് ഹരിദാസൻ’ എന്ന് പറഞ്ഞ് ഒഴിയാനാണ് ഇപ്പോൾ റിപ്പോർട്ടറിന്റെ ശ്രമം.

English Summary: Akhil Mathew was Attending Marriage Ceremony On The Day; Personal Staff Bribery Accusation Crumbles.