ഡോ. എം എസ് സ്വാമിനാഥൻ അന്തരിച്ചു; വിട പറയുന്നത് ഹരിത വിപ്ലവത്തിന്റെ പിതാവ്

ഭക്ഷ്യക്ഷാമം അടക്കം ഒഴിവാക്കാൻ കര്‍മോന്മുഖ ഇടപെടലുകള്‍ നടത്തിയ കാര്‍ഷിക ശാസ്ത്രജ്ഞന്‍.

0
256

ചെന്നൈ: ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച പകൽ 11.20 ഓടെ ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: മീന. സൗമ്യ സ്വാമിനാഥൻ, മധുര സ്വാമിനാഥൻ, നിത്യ സ്വാമിനാഥൻ എന്നിവർ മക്കൾ. സംസ്ഥാന ആസുത്രണബോർഡ് വെെസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ മരുമകനാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് സ്വദേശിയാണ്. മങ്കൊമ്പ് കെ സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7ന്‌ ജനനം. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർപഠനം നടത്തി.

1952 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു സ്വാമിനാഥന്‍.  അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

അമേരിക്കന്‍ ആഗ്രോണമിസ്റ്റായ നോർമൻ ബോർലോഗുമായി സഹകരിച്ച് സ്വാമിനാഥന്‍ നടത്തിയ പരീക്ഷണങ്ങള്‍ പല രാജ്യങ്ങളെയും വലിയ ക്ഷാമങ്ങളില്‍നിന്ന് പോലും രക്ഷിച്ചിരുന്നു. കിഴങ്ങ്, ഗോതമ്പ്, അരി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയാണ് എം എസ് സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

English Summary: MS Swaminathan is the genius who led India to agricultural self-sufficiency.