ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്; ആറാം സ്വർണം, വുഷുവില്‍ വെള്ളി

മെഡൽ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ.

0
326

ഹാങ്ചോ: ഉന്നം പിഴയ്ക്കാതെ ഇന്ത്യൻ ഷൂട്ടർമാർ. ഏഷ്യൻ ഗെയിംസ്‌ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽവേട്ടയിലാണ്‌ ഷൂട്ടർമാർ എന്ന് ഓരോ ദിവസത്തെയും മെഡൽവേട്ട തെളിയിക്കുന്നു. ഏറ്റവുമൊടുവിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിലും ഇന്ത്യൻ സംഘം സ്വർണത്തിൽ മുത്തമിട്ടു. ഇതോടെ ഇന്ത്യയുടെ സുവർണനേട്ടം ആറായി. സരബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവർ ചേർന്ന് 1734 പോയിന്റ് നേടി ചൈനയെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിൽ, 1733 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തെത്തി വെള്ളിയും, 1730 പോയിന്റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തെത്തി വെങ്കലവും നേടി. നേരത്തേ, 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു.

വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ ഇന്ത്യയുടെ നവോറെം റോഷിബിന ദേവി വെള്ളി മെഡൽ നേടി. ചൈനയുടെ വു സിയാവോവേയുമായുള്ള മത്സരത്തില്‍ 0 – 2 നാണ് ഇന്ത്യ വെള്ളി നേടിയത്. മണിപ്പൂർ സ്വദേശിനിയായ നവോറെം റോഷിബിന ദേവി, 2018 ല്‍ ജക്കാർത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.

ഒരു സ്വർണവും ഒരു വെള്ളിയും കൂടി ലഭിച്ചതോടെ മെഡൽ പട്ടികയിൽ ഇന്ത്യ നില മെച്ചപ്പെടുത്തി. ആറിൽനിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ സ്ഥാനക്കയറ്റം നേടി. ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലം എന്നിങ്ങനെ മൊത്തം 24 മെഡലുകളാണ് നിലവിൽ ഇന്ത്യയുടെ സമ്പാദ്യം.

English Summary: Asian Games: Roshibina Devi bags wushu silver.