ചോറില്‍ നിന്ന് ഒരു കറുത്ത വറ്റെടുത്ത് ചോറാകെ മോശമാണെന്ന് പറയുന്നപോലെ; സഹകരണമേഖലയെ തകര്‍ക്കാന്‍ നേരത്തെ ഇടപെടല്‍ തുടങ്ങി: മുഖ്യമന്ത്രി

രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി എത്തുന്നതിനു മുമ്പുതന്നെ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നു.

0
164

തിരുവനന്തപുരം: വലിയ പാത്രത്തിലെ ചോറില്‍ നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞുകണ്ടുപിടിച്ച് ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകള്‍ നേരത്തെ ആരംഭിച്ചതാണ്. സഹകരണ മേഖലയാകെ കുഴപ്പത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് സഹകരണമേഖല. കരുവന്നൂര്‍ ബാങ്കിന് എതിരെയുള്ള ആരോപണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങള്‍ നടന്നത്. ഇഡിയോ സിബിഐ യോ ഒന്നുമല്ല ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

ക്രമക്കേടുകള്‍ തടയുന്നതിനായി 50 വര്‍ഷം മുമ്പുള്ള നിയമം പരിഷ്‌കരിച്ചതും ഓഡിറ്റിംഗ് ഏര്‍പ്പെടുത്തിയതുമെല്ലാം എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഈ ഏജന്‍സികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് ഇഡി നടത്തുന്നത് എന്ന് സ്വഭാവികമായും സംശയിക്കണം. മറ്റ് പല സംസ്ഥാനങ്ങളിലും നടക്കുന്ന ബാങ്കിംഗ് ക്രമക്കേടുകളെക്കുറിച്ചോ തട്ടിപ്പുകളെക്കുറിച്ചോ നിസ്സംഗത പാലിക്കുന്ന ഏജന്‍സികള്‍ കരുവന്നൂരില്‍ കാണിക്കുന്ന ഉല്‍സാഹത്തിന്റെ പിന്നില്‍ എന്തെന്ന് ആര്‍ക്കും മനസിലാകും.

സംസ്ഥാനത്ത് സഹകരണ രജിസ്ട്രാറുടെ കീഴില്‍ രജിസ്ടര്‍ ചെയ്തിട്ടുള്ള 16255 സഹകരണ സംഘങ്ങളാണുള്ളത്. 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1.5 ശതമാനത്തില്‍ താഴെ സംഘങ്ങളിലാണ് ചില ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനര്‍ഥം കേരളത്തിന്റെ സഹകരണ മേഖല മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. ഇവിടത്തെ സഹകരണ പ്രസ്ഥാനം കേരളത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂരില്‍ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായ അന്വേഷണമാണ് നടത്തിയത്. ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനില്‍ 14.7.2021ന് കരുവന്നൂര്‍ സഹകരണ സംഘം സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നമ്പര്‍ 650/2021 ആയി കേസ് രജിസ്ടര്‍ ചെയ്തു. കുറ്റ കൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് 2021 ജൂലൈ 21ന് സംസ്ഥാന പൊലീസ് മേധാവി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അതിന്റെ അടുത്ത ദിവസം രണ്ട് ഡിവൈഎസ്പിമാരെയും നാല് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍മാരെയും ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. തുടര്‍ന്ന് തൃശൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് ക്രൈം നമ്പര്‍ 165/2021 ആയി കേസ് അന്വേഷണം ആരംഭിച്ചു.

സംഘത്തിന്റെ മുന്‍ സെക്രട്ടറിയടക്കം 26 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കരുവന്നൂര്‍ സഹകരണ സംഘത്തിലെ മുന്‍ സെക്രട്ടറി ഒന്നാം പ്രതിയായും മാനേജര്‍ രണ്ടാം പ്രതിയായും സീനിയര്‍ അക്കൗണ്ടന്റ് മൂന്നാം പ്രതിയായും എ ക്ലാസ്സ് മെമ്പര്‍ നാലാം പ്രതിയായും റബ്‌കോ കമ്മീഷന്‍ ഏജന്റ് അഞ്ചാം പ്രതിയായും സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും മറ്റ് പ്രതികളായും ആണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 406, 408, 409, 417, 418, 420, 423, 465, 468, 477 (എ), 201, 120 (ബി), എന്നീ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തി. 2011 മുതല്‍ 2021 വരെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 18 എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു. 201120 കാലഘട്ടത്തിലെ വിവിധ രേഖകള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. 745 സാക്ഷികളില്‍ നിന്ന് വിവരം ശേഖരിക്കുകയും 412 രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. പ്രതികളുടെ സ്വത്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ ഡി രംഗപ്രവേശനം ചെയ്യുകയും ഫയലുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തത്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി എത്തുന്നതിനു മുമ്പുതന്നെ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നു.

ഇതുകൂടാതെ കരുവന്നൂരില്‍ സഹകരണ വകുപ്പും അന്വേഷണം നടത്തി. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 ജൂലൈ 22ന് ഭരണ സമിതി പിരിച്ച് വിടുകയും അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ക്രമക്കേടിന്റെ ഭാഗമായി സംഘത്തിന് വന്നിട്ടുള്ള നഷ്ടം ഈടാക്കുന്നതിനും അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടത്തിന്റെ ഉത്തരവാദിത്വം ചുമത്തി തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. ബാധ്യത ചുമത്തപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഇവര്‍ സര്‍ക്കാരില്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ തുടര്‍ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.

അവരുടെ അപ്പീലില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും ബാങ്കിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന് പുഃനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്നു. നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നത് 2022 ഒക്ടോബര്‍ 15 മുതല്‍ പുഃനരാരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

English Summary: ED Intervention started to break cooperative sector: Chief Minister.