മൃതദേഹങ്ങളുടെ വയറ് കീറിയ നിലയിൽ: രാവിലെ മൃതദേഹങ്ങൾ കണ്ടു, രാത്രി കുഴിച്ചിട്ടു: കുറ്റംസമ്മതിച്ച് സ്ഥലം ഉടമ

0
73931

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടസംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. സ്ഥലം ഉടമ അനന്തകുമാര്‍ (53) നെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുയുവാക്കളും ഷോക്കേറ്റ് മരിച്ചതാണെന്നാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമുള്ള പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ആഴത്തിൽ കുഴിയെടുക്കാൻ കഴിയാത്തതിനാൽ മൃതദേഹങ്ങൾ പുറത്തു വരുമെന്ന ഭയത്താൽ പ്രതി, യുവാക്കളുടെ വയറ്റിൽ മുറിവുണ്ടാക്കി. ചതുപ്പിൽ താഴ്ന്നു കിടക്കാനാണ് മുറിവുണ്ടാക്കിയതെന്നും എസ്പി ആനന്ദ് പറഞ്ഞു. തെളിവ് നശിപ്പിക്കാനും, കേസിൽ പ്രതിയാകുമെന്ന് ഭയന്നുമാണ് പ്രതി ഇത്തരത്തിൽ ചെയ്തത്. തെളിവു നശിപ്പിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. പ്രതിക്കെതിരെ തെളിവു നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു.

വസ്ത്രങ്ങളില്ലാതെ ഒന്നിനുമുകളില്‍ ഒന്നായി കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹങ്ങള്‍. 70 സെന്റിമീറ്റര്‍ ആഴത്തില്‍ മാത്രമാണ് പ്രതി കുഴിയെടുത്തിരുന്നത്. മൃതദേഹങ്ങള്‍ വീര്‍ത്തുവരാതിരിക്കാന്‍ വയര്‍ഭാഗം കീറിയശേഷമാണ് കുഴിച്ചിട്ടതെന്നും പോലീസ് പറഞ്ഞു.

കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ രാവിലെ പുറത്തെടുത്തിരുന്നു. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുവരുടേയും വയറ്റിൽ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

യുവാക്കളെ കുഴിച്ചിട്ടതു സംബന്ധിച്ച് സ്ഥലം ഉടമ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിക്ക് മുമ്പായി കൃഷിയിടത്തിൽ എത്തിയപ്പോൾ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടു. കാട്ടുപന്നിക്ക് വെച്ച വൈദ്യുതക്കെണിയിൽ കുടുങ്ങിയാണ് മരിച്ചതെന്ന് മനസ്സിലായി. തുടർന്ന് പേടി മൂലമാണ് രണ്ടുപേരുടെയും മൃതദേഹം ഒരു കുഴിയിൽ മറവു ചെയ്തതെന്നും അനന്തൻ പൊലീസിനോട് പറഞ്ഞു.

english summary: palakkad karinkarapully incident two bodies exhumed and accused confessed to police