ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് റൂറലിൽ ഒരാഴ്ചയ്ക്കിടെ 40 കേസുകൾ

0
135

വടകര : ലോൺ ആപ്പ്‌ തട്ടിപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി പോലീസ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് റൂറലിൽമാത്രം 40 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സമാന്തരമായി ബോധവത്കരണവും നടക്കുന്നതിനാൽ തട്ടിപ്പിനിരയായ കൂടുതൽപ്പേർ വരുംദിവസങ്ങളിൽ പരാതിയുമായി വരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. നേരത്തേ ലഭിച്ച പരാതികളിലും അന്വേഷണം നടത്തി കേസെടുത്തിട്ടുണ്ട്.

വടകരയിലെ ഒരു വ്യാപാരിക്ക് ലോൺ ആപ്പ് തട്ടിപ്പിലൂടെ നഷ്ടമായത് 40,000 രൂപ. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോൾ അഞ്ചുശതമാനം പലിശയ്ക്ക് വായ്പകിട്ടുമെന്നായിരുന്നു വാഗ്‌ദാനം. തുടർന്ന് പ്രൊസസിങ് ഫീസ്, അഡ്മിനിസ്‌ട്രേഷൻ ഫീസ് എന്നീ ഇനങ്ങളിൽ ആദ്യം 10,000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ 30,000 രൂപകൂടി വാങ്ങി. ഇത്‌ അടച്ചാൽ വായ്പകിട്ടുമെന്നായിരുന്നു വാഗ്‌ദാനം. പണം നൽകിയശേഷമാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്.

മുൻകരുതലുകൾ

> പണം ഇരട്ടിപ്പിക്കാം എന്നു പറഞ്ഞു സമീപിക്കുന്നവരെ അകറ്റി നിർത്തുക.

> ആരും അയച്ചു തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും അവർക്കു ലഭിക്കും. നിങ്ങൾക്കു വരുന്ന ഒടിപി അടക്കം അവർ കൈക്കലാക്കും.

> ഓൺലൈൻ പാർട് ടൈം ജോലികൾ ലഭിക്കാൻ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി ഇത്തരകാർക്കു പണം നൽകാതിരിക്കുക.

> ഓൺലൈൻ ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോൾ അതിനു പിന്നിൽ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓർക്കുക.