പാലക്കാട് ഇരട്ട കൊലപാതകം; കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ, നാലുപേരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, വയലുടമ കസ്റ്റഡിയിൽ

0
854
മരിച്ച സതീഷും ഷിജിത്തും

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഷിജിത്ത്, സതീഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായാണ് കുഴിയിൽ അടക്കിയത്. മൃതദേഹങ്ങളിൽ വസ്ത്രം ഇല്ലായിരുന്നു.

പ്രദേശത്ത് രണ്ടുപേരെ കാണാതായെന്ന് പാലക്കാട് കസബ പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയതും തുടർനടപടികളിലേക്ക് കടന്നതും.

സംഭവത്തിൽ നാല് യുവാക്കളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്. ദൃശ്യങ്ങളിൽ ഉള്ളവരിൽ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലിൽ ഉള്ളതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സംഭവത്തിൽ വയലുടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് സൂചന.

യുവാക്കൾ മരിച്ചത് ഷോക്കേറ്റെന്നാണ് സൂചന. യുവാക്കളുടെ മൃതദേഹം സ്ഥലമുടമ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. ചോദ്യം ചെയ്യലിൽ കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നും താനാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും സ്ഥലമുടമ പൊലീസിനോട് സമ്മതിച്ചെന്നാണ് വിവരം.

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.