ഏഷ്യൻ ​ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സുവർണദിനം, അഞ്ചാം സ്വർണമെഡല്‍

ഉന്നം തെറ്റാതെ സ്വർണത്തിലേക്ക്, മെഡൽ പട്ടികയിൽ കുതിപ്പ്.

0
228

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യക്ക് സുവർണദിനം. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യ സ്വർണപ്പതക്കം അണിഞ്ഞതോടെ 20 മെഡലുകളുമായി ആറാം സ്ഥാനത്ത് തുടരുകയാണ്. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി. 50 മീറ്റർ റൈഫിൾ വ്യക്തി​ഗത ഇനത്തിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണവും വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ താരം സിഫ്റ്റ് കൗർ സമ്രയ്ക്കാണ് വ്യക്തി​ഗത ഇനത്തിൽ സ്വർണം. ഇതേ ഇനത്തിൽ ഇന്ത്യയുടെ ആഷി ചൗക്‌സി വെങ്കല മെഡലും സ്വന്തമാക്കി. ഇതോടെ സ്വർണനേട്ടം അഞ്ചായി. ചൈനീസ് താരവുമായി അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ചൗക്സി നടത്തിയത്. നേരത്തെ, 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിലും സിഫ്റ്റ് കൗർ സമ്രയും ആഷി ചൗക്‌സിയും അം​​ഗങ്ങളായിരുന്നു.

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടി. മനു ഭാകർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവരടങ്ങിയ ടീമാണ് സ്വർണത്തിലേക്ക് ഷൂട്ട് ചെയ്തത്. 1759 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. 1756 പോയിന്റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്റ് നേടിയ റിപ്പബ്ലിക്ക് ഓഫ് കൊറിയക്കാണ് വെങ്കലം. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റോടെ മനുവാണ് ഒന്നാമതെത്തിയത്. ഇഷ അഞ്ചാം സ്ഥാനത്തുമെത്തി (586 പോയിന്റ്). 583 പോയിന്റ് നേടി റിഥം ഏഴാമതായി ഫിനിഷ് ചെയ്തു.

നേരത്തെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യൻ ടീം വെള്ളി നേടിയിരുന്നു. സിഫത് കൗർ സംര, ആഷി ചോക്സി, മണിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് നേട്ടം കൊയ്തത്. 1764 പോയിന്റോടെയാണ് ടീം മെഡല്‍ ഉറപ്പിച്ചത്. ചൈനയ്ക്കാണ് സ്വര്‍ണം (1773 പോയിന്റ്). റിപ്പബ്ലിക്ക് ഓഫ് കൊറിയ വെങ്കലവും സ്വന്തമാക്കി.

സ്കീറ്റിൽ ഇന്ത്യയുടെ പുരുഷ ടീമാണ് വെങ്കലനേട്ടം സ്വന്തമാക്കി. അംഗദ് വീർ സിംഗ് ബജ്‌വ, ഗുർജോത് ഖംഗുര, അനന്ത് ജീത് സിംഗ് നരുക്ക എന്നിവരുടെ ടീമാണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ സ്കീറ്റ് വ്യക്തി​ഗത ഇനത്തിൽ അനന്ത് ജീത് സിംഗ് നരുക്ക ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. സെയിലിങ്ങിൽ ഇന്ത്യയുടെ വിഷ്ണു ശരവണനാണ് വെങ്കലം നേടിയ മറ്റൊരു താരം.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 20 ആയി ഉയര്‍ന്നു. അഞ്ച് സ്വര്‍ണം, അഞ്ച് വെള്ളി, പത്ത് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില.

English Summary: Asian Games 2023: India Stands on 6th with 5 golds, 20 medal in total.