നിജ്ജാറിനെ വധിച്ചത് ആറുപേർ ചേർന്ന്‌; ശരീരത്തില്‍ 34 വെടിയുണ്ട: വാഷിങ്‌ടൺ പോസ്‌റ്റ്‌

കൊലപാതകത്തിലെ ഇന്ത്യൻ പങ്കിന്റെ തെളിവ്‌ കാനഡയ്ക്ക്‌ നൽകിയത്‌ അമേരിക്കയെന്നും റിപ്പോർട്ട്‌.

0
242

വാഷിങ്‌ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാറിനെ വധിച്ചത്‌ രണ്ട്‌ വണ്ടിയിലെത്തിയ ആറുപേർ ചേർന്നെന്ന്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌. അക്രമികൾ 50 പ്രാവശ്യം വെടി വെച്ചതായും 34 വെടിയുണ്ട നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറിയതായും റിപ്പോർട്ടിൽ പറയുന്നു.

വാൻകൂവറിൽ സറേയിലെ ഗുരുദ്വാരാ മുറ്റത്തുവച്ച്‌ ജൂൺ 18നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. ഗുരുദ്വാരയുടെ സിസിടിവിയിൽനിന്നുള്ള 90 സെക്കൻഡ്‌ ദൃശ്യത്തെയും സാക്ഷിമൊഴികളെയും അടിസ്ഥാനപ്പെടുത്തിയാണ്‌ റിപ്പോർട്ട്‌. ഗുരുദ്വാര മുറ്റത്തുനിന്ന്‌ ചാര നിറത്തിലുള്ള കാറിൽ നിജ്ജാർ പുറത്തേക്ക്‌ പോകവെ വെളുത്ത കാർ അവിടെയെത്തി. നിജ്ജാറിന്റെ കാറിന്‌ കുറുകെ നിർത്തി രണ്ടുപേർ ചാടിയിറങ്ങി. ഡ്രൈവർ സീറ്റിനുനേരെ വെടിയുതിർത്തശേഷം ഓടി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.

അതിനിടെ, ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യൻ പങ്കിന്റെ തെളിവ്‌ കാനഡയ്ക്ക്‌ നൽകിയത്‌ അമേരിക്കയെന്ന്‌ റിപ്പോർട്ട്‌. അമേരിക്കൻ പത്രം ന്യൂയോർക്ക്‌ ടൈംസാണ്‌ ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ അമേരിക്കൻ സ്ഥാനപതി ഡേവിഡ്‌ കോഹൻ വിവരം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഭീകരവാദത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ച രാഷ്ട്രമാണ്‌ ശ്രീലങ്കയെന്ന്‌ ഇന്ത്യയിലെ ശ്രീലങ്കൻ ഹൈകമീഷണർ മിലിൻഡ മൊറഗോഡ പറഞ്ഞു.

ഭീകരവാദത്തെ എതിർക്കുന്നത്‌ രാഷ്ട്രീയ ഹിതാഹിതങ്ങൾ നോക്കിയാകരുതെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ യുഎൻ പൊതുസഭയുടെ എഴുപത്തെട്ടാം യോഗത്തിൽ പറഞ്ഞു. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ തന്നിഷ്ടപ്രകാരം തീരുമാനിക്കേണ്ടവയല്ല. ചില രാജ്യങ്ങൾ അജൻഡ തീരുമാനിക്കുകയും മറ്റുള്ളവർ പിന്തുടരുകയും ചെയ്യുന്ന രീതി മാറിയെന്നും കാനഡയുടെ പേരെടുത്ത്‌ പറയാതെ ജയ്‌ശങ്കർ വിമർശിച്ചു.

English Summary: Washington Post confirming that Nijjar was killed in gang violence.