ദോഹ എക്സ്പോ 2023; ലോകം ഇനി ഖത്തറിലേക്ക്, ഉറ്റുനോക്കി സഞ്ചാരികൾ

ആറ് മാസം നീളുന്ന പ്രദര്‍ശനമേളയിൽ മുപ്പത് ലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

0
168

ദോഹ: ഫിഫ ലോകകപ്പിന്റെ അത്യത്ഭുതകരമായ വിജയത്തിനുശേഷം ഖത്തര്‍ വേദിയാകുന്ന രാജ്യാന്തര പ്രദർശന മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ‘എക്സ്പോ 2023 ദോഹ ഖത്തർ’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശന മേള ഒക്ടോബർ രണ്ടിനാണ് തുടങ്ങുക. ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ രാജ്യം തയ്യാറായതായി സംഘാടകര്‍ അറിയിച്ചു.

ഹരിത മരൂഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തിലൂന്നിയുള്ള മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയ്ക്ക് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വേദിയൊരുക്കുന്നത്. മേളയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹാൻഡ് ബുക്ക് വെള്ളിയാഴ്ച പുറത്തിറക്കും. എക്‌സ്പോയുടെ എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊളളുന്നതായിരിക്കും ‘എക്സ്പോ-2023 ദോഹ’ എന്ന് പേരിട്ടിരിക്കുന്ന ഹാന്റ് ബുക്ക്. എക്‌സ്പോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു ജനങ്ങള്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഹാൻഡ് ബുക്ക്. എക്‌സ്‌പോ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലേക്ക് എത്തിതുടങ്ങി.

 

എക്‌സ്‌പോ നഗരിയില്‍ മുഴുവന്‍ പവലിയനുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 88 രാജ്യങ്ങളുടെ പവലിയനുകള്‍ മേളയില്‍ അണിനിരക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള കലാകാരന്‍മാര്‍ പങ്കെടുക്കുന്ന വിനോദ വിജ്ഞാന പരിപാടിയും രുചിമേളയും എക്സ്പോയിലുണ്ടാകും. അറേബ്യന്‍ രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്‍, തായ്, ടര്‍ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും ഉണ്ടാകും. കൃഷി, ന്യൂതന സാങ്കേതിക വിദ്യ, പരിസ്ഥിതി എന്നിവയിൽ ചർച്ചകളും സംഘടിപ്പിക്കും.

മേളയിലേക്ക് എത്തുന്ന സന്ദർശകർക്ക് ഖത്തർ എയർവേയ്സ് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ചു. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഹോർട്ടികൾചറൽ എക്‌സ്‌പോയിലെ കാഴ്ച കാണാൻ ട്രാൻസിറ്റ് യാത്രക്കാർക്കും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് സ്‌റ്റോപ്പ് ഓവർ പാക്കേജുകൾ പ്രഖ്യാപിച്ചത്. എക്സ്പോയുടെ ലോഗോയുമായി ഒക്ടോബർ മുതൽ ഖത്തർ എയർവേയ്സ് പറക്കും. ഡിസ്‌കവർ ഖത്തർ മുഖേന ബുക്ക് ചെയ്യുന്ന രാജ്യാന്തര യാത്രക്കാർക്ക് എല്ലാ സ്റ്റോപ്പ് ഓവർ പാക്കേജുകളിലും എക്‌സ്‌പോ കാണാനുള്ള കോംപ്ലിമെന്ററി എൻട്രി വൗച്ചർ ലഭിക്കും.

ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഖത്തറിൽ സാംസ്കാരികവും പാരിസ്ഥിതികവും നൂതനവുമായ അനുഭവങ്ങളുടെ ഒരു നിരയാണ് വരാനിരിക്കുന്ന മാസങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഖത്തറിലേക്ക് അന്താരാഷ്‌ട്ര അതിഥികളെ സ്വാഗതം ചെയ്യാനും അവർക്ക് സിഗ്നേച്ചർ ഹോസ്പിറ്റാലിറ്റി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Expo 2023 Doha global event is expected to attract over 3mn visitors.