‘കൈക്കൂലി വാർത്ത’; സമഗ്ര അന്വേഷണം നടക്കും, ഗൂഡാലോചനയടക്കം പുറത്തുകൊണ്ടുവരും: മന്ത്രി വീണാ ജോർജ്

പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.

0
185

തിരുവനന്തപുരം: രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ‘ബ്രേക്ക്’ ചെയ്തതും പിന്നീട് മറ്റ് ചാനലുകള്‍ ഏറ്റെടുത്തതുമായ ‘കൈക്കൂലി’ വാർത്തയിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. വാർത്ത കൊടുക്കുമ്പോൾ തന്റെയോ തന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല. തികച്ചും ഏകപക്ഷീയമായാണ് വാർത്ത കൊടുത്തത്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത് മന്ത്രിയുടെ ഓഫീസാണ്. സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശാസ്ത്രീയ പരിശോധന നടത്തി പരാതിയുടെ സത്യം പുറത്തുകൊണ്ടുവരണം. കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടില്ല. അഖില്‍ മാത്യു തന്റെ ബന്ധുവല്ലെന്നും സ്റ്റാഫ് മാത്രമാണെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

വീണാ ജോർജിന്റെ കുറിപ്പിങ്ങനെ.

രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ‘ബ്രേക്ക്’ ചെയ്തതും പിന്നീട് മറ്റ് ചാനലുകള്‍ ഏറ്റെടുത്തതുമായ ഒരു വാര്‍ത്ത സംബന്ധിച്ചാണ് ഈ കുറിപ്പ്. വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്റെയോ എന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല.
ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി.

13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പിഎസ് പോലീസിന് പരാതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും.

ഇനി ഒരു കാര്യം കൂടി- അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.

English Summary: Conspiracy will be brought out: Minister Veena George.