ഇറാഖില്‍ വിവാഹാഘോഷത്തിനിടെ തീപിടിത്തം; വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു

0
324

ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തത്തിൽ വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു. ഇറാഖിലെ നിനേവ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടമുണ്ടായത്. നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 10:45 ന് (19:45 GMT) ആണ് ദുരന്തം സംഭവിച്ചത്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 335 കിലോമീറ്റര്‍ ദൂരത്തുള്ള വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ (ഏകദേശം 250 മൈൽ) വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ഇറാഖ് സിവിൽ ഡിഫൻസ് അറിയിച്ചു.

അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെട്ടവരെ തിരയുന്നതിനായി കെട്ടിടത്തിന്‍റെ കത്തിനശിച്ച അവശിഷ്ടങ്ങൾക്ക് മുകളിലൂടെ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിൽ സീലിങ്ങിന്‍റെ ചില ഭാഗങ്ങൾ ഇടിഞ്ഞുവീണിരുന്നു.

ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഐഎൻഎയോട് പറഞ്ഞു. മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.