തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തിയശേഷം സിപിഐ എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തു. കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. കേസിൽ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇ ഡി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച തീർത്തത്. കഴിഞ്ഞദിവസം അരവിന്ദാക്ഷനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൊഴിയായി സിപിഐ എം നേതാക്കളുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എഴുതിവച്ച ലിസ്‌റ്റ് പ്രകാരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്‌തീൻ എംഎൽഎ, എം കെ കണ്ണൻ എന്നിവർക്ക് പങ്കുണ്ടെന്ന തരത്തിൽ കള്ളമൊഴി നൽകാനാണ് ഇ ഡി നിർബന്ധിച്ചത്. ഇത് സമ്മതിക്കാതിരുന്നപ്പോൾ ഇ ഡി ഉദ്യോഗസ്ഥർ അരവിന്ദാക്ഷനെ മർദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അരവിന്ദാക്ഷൻ പൊലീസിൽ പരാതി നൽകിയതോടെയാണ് ധൃതി പിടിച്ച് അരവിന്ദാക്ഷന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഉദ്യോഗസ്ഥർ മർദിച്ചിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കേസിൽ മൊഴിയായി സിപിഐ എം നേതാക്കളുടെ പേര് നൽകണം എന്നാവശ്യപ്പെട്ടാണ് മർദിച്ചതെന്നും അരവിന്ദാക്ഷൻ പറഞ്ഞിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ് അന്ന് പീഡിപ്പിച്ചത്. പുറംലോകം കാണിക്കില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി.
എഴുതിവച്ച ലിസ്‌റ്റ് പ്രകാരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്‌തീൻ എംഎൽഎ, എം കെ കണ്ണൻ എന്നിവർക്ക് പങ്കുണ്ടെന്ന തരത്തിൽ ഒപ്പിട്ട് വാങ്ങി. എ സി മൊയ്‌തീന് പോപ്പുലർ ഫ്രണ്ട് ബന്ധം ഉണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ടും മർദിച്ചു. ഇഡി മർദനത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ പരാതിയും നൽകി.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ മറവിൽ സിപിഐ എം നേതാക്കളെ പ്രതികളാക്കാനുള്ള സംഘപരിവാറിന്റെ തിരക്കഥ ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് ഇ ഡി. അതേസമയം, കോൺഗ്രസും ബിജെപിയും ഭരിക്കുന്ന ബാങ്കുകളിലെ ശതകോടികളുടെ ക്രമക്കേടും അഴിമതിയും ഇതുവരെ പരിശോധിക്കാൻപോലും തയ്യാറായിട്ടുമില്ല. കോൺഗ്രസ് നേതാവ് അനിൽ അക്കരെ ആരോപണവിധേയനായ അടാട്ട് സഹകരണ ബാങ്കിനെതിരായ പരാതി പോലും പ്രാഥമിക പരിശോധനക്ക് ഇ ഡി വിധേയമാക്കിയിട്ടുമില്ല. ബിജെപി നേതാവ് സുരേഷ് ഗോപിയുടെ കാൽനട ജാഥക്ക് വേണ്ട മുന്നൊരുക്കവും സഹായവും നടത്തിക്കൊടുക്കയാണ് ഇ ഡി ഉദ്യോഗസ്ഥർ ചെയ്യുന്നത്. കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന് പ്രചരിപ്പിച്ച് ഇതിനെ തകർക്കാൻ ഇ ഡിയും കൊണ്ടുപിടിച്ച് ശ്രമിക്കുന്നു.
English Summary: Arvindakshan was beaten up by ED officials during interrogation.