ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

അശ്വാഭ്യാസത്തിൽ 41 വർഷത്തിന് ശേഷമാണ് സുവർണനേട്ടം.

0
200

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് സുവർണനേട്ടം. ഹൃദയ് ഛേദ, അനുഷ അഗർവാല, ദിവ്യകൃതി സിംഗ്, സുദീപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ മെഡൽപട്ടിക ഉയർത്തിയത്. 41 വർഷത്തിനുശേഷമാണ് അശ്വാഭ്യാസം (ഡ്രെസേജ്) ഇനത്തിൽ ഇന്ത്യ സ്വർണമണിയുന്നത്. 209.205 സ്കോർ നേടിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. മുമ്പ് 1982ലാണ് ഇന്ത്യ ഈ ഇനത്തിൽ അവസാനമായി സ്വർണം നേടിയത്.

അനുഷ് അഗർവാലയുടെ കുതിരയായ ഇ ടി ആർ ഒ 71.088 എന്ന ഉയർന്ന സ്‌കോർ നേടി. ഹൃദയ് ഛേദ 69.941 സ്‌കോർ ചെയ്തു. ദിവ്യകൃതി സിംഗിന്റെ കുതിരയായ അഡ്രിനാലിൻ ഫിർദോദ് 68.176 സ്കോറാണ് നേടിയത്. സുദീപ്തി ഹജേല വക 66.706 സ്കോർ ലഭിച്ചു. ഈ വിഭാ​ഗത്തിൽ ചൈനയ്ക്കാണ് രണ്ടാം സ്ഥാനം.

14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽ പട്ടിക. 14 സ്വർണ മെഡലോടെ ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാമത്.

English Summary: India win first equestrian gold medal in 41 years.