ജയിലറിനു ശേഷം അല്ലു അർജുനൊപ്പം നെൽസൺ

0
329

ജയിലറിന്റെ വൻ വിജയം സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ തലവര തന്നെ മാറ്റി. സംവിധായകന്റെ കരിയർ ​ഗ്രാഫിനെ കുത്തനെ ഉയർത്തുന്ന തരത്തിലായിരുന്നു ജയിലറിന്റെ ആ​ഗോള വിജയം. ജയിലറിനു ശേഷം നെൽസന്റെ അടുത്ത സിനിമ അല്ലു അർജുനൊപ്പമായിരിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. അല്ലു അർജുനുമായി നെൽസൺ കൂട്ടിക്കാഴ്ച്ച നടത്തി. ഇരുവരും തമ്മിൽ ചർച്ച നടത്തിയതായും, സിനിമയ്ക്കായി ഒന്നിക്കുന്നതായുമാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

നെൽസന്റെ സംവിധാന രീതി അല്ലുവിന് ഇഷ്ടപ്പെട്ടുവെന്നും ഇതേത്തുടർന്നാണ് ഒരുമിച്ചൊരു സിനിമയ്ക്കായി ചർച്ചയ്ക്ക് വിളിച്ചതെന്നുമാണ് വിവരം. നെൽസൺ പറഞ്ഞ കഥ നടന് ഇഷ്ടപ്പെട്ടതായും സിനിമ ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് ഇന്ത്യ ടുഡെയുടെ റിപ്പോർട്ട്. 601.6 കോടിയാണ് ആ​ഗോളതലത്തിൽ ജയിലർ സ്വന്തമാക്കിയത്. നെൽസന്റെ അടുത്ത സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

തമിഴിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആക്ഷൻ ത്രില്ലറായിരിക്കുകയാണ് ജയിലർ. രജനിയുടെ തന്നെ എക്കാലത്തേയും ഗ്യാങ്സ്റ്റർ ക്ലാസിക്കായ ബാഷ സിനിമയോട് ജയിലറിനെ നടൻ ഉപമിച്ചത് ചർച്ചയായിരുന്നു. ജയിലർ റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം താൻ അതിയായ സന്തോഷത്തിലായിരുന്നുവെന്നും എന്നാൽ ഭാവി സിനിമകളിലെ തന്റെ പ്രകടനം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അതിൽ ആശങ്കയുണ്ടെന്നും രജനികാന്ത് അറിയിച്ചിരുന്നു.