സോളാര്‍ പീഡനക്കേസ്; സിബിഐ അന്വേഷണം അട്ടിമറിച്ചു, മുൻ എസ്പിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും പരാതിക്കാരി

സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി.

0
182

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ മുൻ എസ്പിയുടെ ഇടപെടലിനെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്ന് പരാതിക്കാരി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയത്. സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അവർ സമീപിച്ചു.

കേസന്വേഷണത്തിൽ സിബിഐയിലെ മുൻ എസ്പിയുടെ ഇടപെടൽ സമഗ്രമായി അന്വേഷിക്കണം. അന്വേഷണം അട്ടിമറിച്ചു. മുൻ എസ്പി അടക്കം രണ്ട് സിബിഐ ഉദ്യോഗസ്ഥർ വ്യക്തിപരമായി കേസിൽ ഇടപെടുകയും കേസ് അട്ടിമറിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

സാക്ഷികള്‍ക്ക് പണം നല്‍കിയത് സിബിഐ അന്വേഷിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും സിബിഐ അവഗണിച്ചു. സാക്ഷിമൊഴി നൽകിയിട്ടും അവയെല്ലാം കണക്കിലെടുക്കാതെയായിരുന്നു സിബിഐ അന്വേഷണം. പണം ലഭിച്ചതായി സാക്ഷിമൊഴി നൽകിയിട്ടും അത് കണക്കിലെടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസന്വേഷണത്തിൽ ഇടപെട്ട രണ്ട് സിബിഐ ഉദ്യോഗസ്ഥർക്കും വ്യക്തിപരമായ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇതിന്റെ തെളിവുകളടക്കം താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഗണേഷ് കുമാറടക്കമുള്ളവരാണ് പിന്നിലെന്നും സിബിഐ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആവശ്യമായി തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസ് ക്ലോസ് ചെയ്യണമെന്നാണ് സിബിഐ ക്ലോഷർ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സിബിഐ റിപ്പോർട്ടനുസരിച്ച് ഹൈബി ഈഡനെ കേസിൽ നിന്നും കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതിക്കാരി പരാതി നൽകിയത്.

ആരോപണങ്ങള്‍ തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് സിബിഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല, കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താനുമായില്ല. അതുകൊണ്ടുതന്നെ കേസ് നിലനിൽക്കില്ലെന്ന് കാട്ടിയാണ് സിബിഐ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്. ആരോപണവിധേയർക്കെല്ലാം ക്ലീന്‍ചിറ്റ് നൽകുകയായിരുന്നു സിബിഐ. സോളാര്‍ പീഡന ലൈംഗിക പരാതിയില്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചിട്ടില്ലെന്നാണ് സിബിഐ അന്തിമ റിപ്പോർട്ടിൽ പറയുന്നത്.

ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സോളാർ ലൈംഗിക പീഡന കേസിൽ സിബിഐ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന്‌ പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ നൽകിയ പരാതികളിൽ ആറിലും തെളിവില്ലെന്ന്‌ കാട്ടിയാണ്‌ സിബിഐ റിപ്പോർട്ട്‌ നൽകിയത്‌. തെളിവില്ലെന്നു പറയുന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട്‌ അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞിരുന്നു.

English Summary: Solar complaint has been lodged with the Union Home Ministry against the CBI.