യുവജന മന്ത്രിയാകാന്‍ താൽപര്യമുണ്ടോ; എങ്കിൽ കടന്നുവരു, അപേക്ഷ ക്ഷണിച്ച് ദുബൈ ഭരണാധികാരി

യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നവരായിരിക്കണം അപേക്ഷകർ.

0
115

ദുബൈ: യുഎഇ ക്യാബിനറ്റിൽ യുവജന മന്ത്രിയാകാന്‍ യുഎഇയിലെ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ദുബൈ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. യുവാക്കളെയും യുവതികളെയും ഒരുപോലെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മൂഹമ്മദ് പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യത്തെ യുവാക്കളെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചുകൊണ്ട് വേറിട്ട പ്രഖ്യാപനം നടത്തിയതെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നവരായിരിക്കണം അപേക്ഷകർ. യുവ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ യഥാസമയം അറിയുകയും അറിയിക്കുകയും ചെയ്യുന്നവരാകണം. യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുക എന്നതാണ് പ്രധാന യോഗ്യതയായി പറയുന്നത്.

ക്രിയാത്മക ചിന്ത, ഇടപെടല്‍ ശേഷി എന്നീ ഗുണങ്ങള്‍ ഉള്ളവരെയാണ് മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണാന്‍ കഴിയുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർ യുഎഇ ക്യാബിനറ്റിൽ യുവജന മന്ത്രിയാകും എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. എന്നിവയാണ് യുവജന മന്ത്രിയാകാനുള്ള യോഗ്യതയായി പറയുന്നത്.

കൂടാതെ ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. മാത്രവുമല്ല വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. ഇ-മെയില്‍ മുഖേനെ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ തലമുറയിലെ നേതാക്കളെ നേതൃനിരയിലേക്ക് ഉയര്‍ത്തികൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തില്‍ അയക്കുവെന്നാണ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിൽ ദുബൈ ഭരണാധികാരി അറിയിച്ചു.

English Summary: Young Emiratis invited to apply for Youth Minister in UAE government.