ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

0
275

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംനൽകി കൊന്ന കേസിലാണ് ജാമ്യം. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഒക്ടോബർ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ജീവനായി ദിവസങ്ങളോളം ആശുപത്രിയിൽ പൊരുതിയ ഷാരോൺ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങി. സൈന്യത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയിൽ പോലും ഷാരോൺ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.