വീട്ടില്‍ ചാരായം വാറ്റിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും പൊലീസുകാരന്റെ വീടിന്റെ ഷെഡില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

0
1475

ആലുവ: വീട്ടിൽ ചാരായം വാറ്റിയ സംഭവത്തിൽ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം റൂറൽ എസ്പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് പറവൂര്‍ എക്‌സൈസ് സംഘം ഇവ പിടികൂടിയത്. എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് ജോയി ആന്റണിയുടെ വീട്ടിലെ പരിശോധന.

റെയ്ഡില്‍ ചാരായവും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ജോയി ആന്റണി ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. സംഭവത്തെതുടര്‍ന്ന് പൊലീസുകാരന്‍ ഒളിവില്‍ പോയിരുന്നു.

english summary: policeman was suspended in the case of being caught for making arrack at home