മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ട് വീണ്ടും ‘ഹര’മാകുമോ”

0
1046

മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഗായകൻ എംജി ശ്രീകുമാർ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ആരംഭിക്കുന്ന സിനിമയിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ‘ഹരം’ എന്നായിരിക്കും സിനിമയുടെ പേരെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെയാണ് പ്രിയദർശൻ സ്വതന്ത്ര സംവിധായകനാകുന്നത്. ആ ചിത്രത്തിൽ മോഹൻലാലായിരുന്നു പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചത്. പിന്നീട് താളവട്ടം, ചിത്രം, വെള്ളാനകളുടെ നാട്, കിലുക്കം, മിഥുനം, ചന്ദ്രലേഖ തുടങ്ങി ഒട്ടനവധി ചിത്രണങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. അതിൽ ഭൂരിഭാഗവും വമ്പൻ വിജയങ്ങളും മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചിത്രങ്ങളുമായി.

മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിൽ പലതും ആലപിച്ചത് എം ജി ശ്രീകുമാറാണ്. ഒപ്പം പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ഒരു മരുഭൂമി കഥ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയതും എംജി ശ്രീകുമാറായിരുന്നു. മൂവരും വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.